X

മിനി കൂപ്പര്‍ വിവാദം; സി.ഐ.ടിയു നേതാവ് അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു

അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിന്റെ പേരില്‍ വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു പി.കെ.അനില്‍കുമാര്‍.

യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനെയും ചുമതലയില്‍നിന്നു നീക്കി. ഇരട്ടപദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ കമ്പനികളിലെ 4000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനില്‍കുമാര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇന്നോവയടക്കമുള്ള ഉയര്‍ന്ന മോഡല്‍ വാഹനം സ്വന്തമായുള്ളപ്പോഴാണു പുതിയ കാര്‍ വീട്ടിലെത്തിയത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എന്തു വാങ്ങിയാലും അതു പാര്‍ട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങള്‍ക്കുള്ള നിര്‍ദേശം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണു കാര്‍ വാങ്ങിയതെന്നായിരുന്നു അനില്‍കുമാറിന്റെ വിശദീകരണം. ഐഒസിയില്‍ കരാര്‍ തൊഴിലാളിയായി തൊഴിലാളി പ്രവര്‍ത്തനം തുടങ്ങിയ അനില്‍കുമാര്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.

 

webdesk13: