യൂനുസ് അമ്പലക്കണ്ടി
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര കാബിനറ്റും തീരുമാനിച്ചതോടെ 2021 നവംബര്‍ 19 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമായി രേഖപ്പെടുത്തപ്പെടും. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോടൊപ്പം കര്‍ഷകര്‍ മുന്നോട്ടുവെച്ച കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്ന കാര്യത്തെക്കുറിച്ച് കാര്‍ഷിക മന്ത്രാലയം പഠിക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്തതോടെ ഐതിഹാസിക പോരാട്ടം വിജയത്തിന്റെ പൂര്‍ണതയിലേക്ക് അടുത്തിരിക്കുകയുമാണ്. കര്‍ഷകരെയും കൃഷിയേയും കുത്തകകള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ ഉശിരോടെ പോരാടി വിജയം വരിച്ച് ചരിത്രത്തിലിടം നേടിയിരിക്കുന്നു ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന കര്‍ഷക സമൂഹം. നിയമ നിര്‍മാണസഭകളിലെ ഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ചിന്തകള്‍ക്കോ ഇടംകൊടുക്കാതെ അതി ലാഘവത്തോടെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് ഈ പിന്മാറ്റംവലിയ തിരിച്ചടിയും അതിലേറെ പാഠവുമാണ്. വിമര്‍ശനങ്ങളെ തെല്ലും കേള്‍ക്കാതെ ഏകാധിപതിയായി വാഴുന്നനരേന്ദ്ര മോദിക്ക് ഏഴു കൊല്ലത്തെ തുടര്‍ഭരണത്തിനിടയില്‍ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍നാണം കെട്ട് മുട്ടു മടക്കേണ്ടി വന്നത് എന്നുമോര്‍ക്കപ്പെടും.
കാര്‍ഷികോല്‍പ്പന്നവ്യാപാര വാണിജ്യ നിയമം, അവശ്യ വസ്തുക്കള്‍ ശേഖരിക്കാനുള്ള സര്‍ക്കാറിന്റെ അവകാശം പരിമിതപ്പെടുത്തുന്ന അവശ്യ വസ്തു ഭേദഗതി നിയമം, കര്‍ഷകരുടെ വിലയുറപ്പ് കൃഷി സേവന നിയമം തുടങ്ങിയപ്രമാദമായ നിയമങ്ങളില്‍ രാഷ്ട്രപതി ഒപ്പു വെച്ചത് 2020 സെപ്തംബര്‍ 17 നായിരുന്നു. ജൂണ്‍ മാസത്തില്‍ ഓര്‍ഡിനന്‍സായും പാര്‍ലമെന്റിലെ ഇരു സഭകളിലും തീര്‍ത്തും ഏകാധിപത്യത്തിലൂടെ പാസാക്കി സെപ്തംബര്‍ മാസത്തില്‍ നിയമമായും ഇവ മൂന്നും പിറവിയെടുത്തപ്പോള്‍ തന്നെ കര്‍ഷക രോഷം അണപൊട്ടിഒഴുകിയിരുന്നു. പ്രതിഷേധം കത്തി നില്‍ക്കെ 2021 ജനുവരിയില്‍ വിവാദ നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേചെയ്‌തെങ്കിലും കര്‍ഷകരും പ്രതിപക്ഷവും ഇന്ത്യയുടെ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനുള്ള ഭരണകൂട വെമ്പലിനെ നഖശിഖാന്തം എതിര്‍ത്തു. എതിര്‍ സ്വരങ്ങളെ മുഖവിലക്കെടുക്കാതെ പരിഹസിച്ചും അക്രമിച്ചും കേസെടുത്തും അഹങ്കരിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ നാണംകെടുത്തുകയായിരുന്നു. ബില്‍ പാസാക്കാന്‍ രാജ്യസഭയിലെത്തിയപ്പോള്‍ അധികാര ഹുങ്കിനെതിരെ പ്രതിഷേധിച്ച എം.പിമാര്‍ക്ക് വരെ കടുത്ത നടപടികള്‍ നേരിടേണ്ടി വന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തപുള്ളിയായി എക്കാലവും അവശേഷിക്കും.
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാരതത്തില്‍ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും ധൃതിപ്പെട്ട് പാസാക്കിയെടുത്തത് കര്‍ഷകരുടെ പുരോഗതിക്കല്ലെന്നും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി മാത്രമാണെന്നും കര്‍ഷക സമൂഹംതിരിച്ചറിഞ്ഞു. കൃഷിയും കൃഷിയിടങ്ങളും കൈവിട്ടു പോവുന്നതിനെതിരെ ആദ്യം ഗ്രാമങ്ങളില്‍ നിന്നാണ് സമരകാഹളം മുഴങ്ങിയത്. പഞ്ചാബിലേയും ഹരിയാനയിലേയും പടിഞ്ഞാറന്‍ യു.പിയിലേയും പരസഹസ്രങ്ങള്‍ സമാധാനപരമായി തെരുവിലിറങ്ങി. പോരാട്ടം ശക്തി പ്രാപിച്ചു. വിവിധ പ്രദേശങ്ങളിലുള്ളവര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളിലെത്തി ഭരണകൂടത്തിന്റെ ദുഷ് ചെയ്തികളെ സധൈര്യം ചോദ്യംചെയ്തു. തണുപ്പും ചൂടും മഞ്ഞും കാറ്റും കോവിഡ് മഹാമാരിയുമൊന്നും സമര വീര്യത്തെ തെല്ലുംകെടുത്തിയില്ല. അതിര്‍ത്തിയില്‍ കര്‍ഷക ലക്ഷങ്ങള്‍ ജീവിതം തന്നെ സമരമാക്കി മാറ്റുകയായിരുന്നു. ഊണും ഉറക്കവും വിശ്രമവുമൊക്കെ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് മാറ്റപ്പെട്ടു. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവാതെ ആദിവാസികളുള്‍പ്പടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ഒരു വര്‍ഷത്തോളം തെരുവില്‍ മുദ്രാവാക്യം മുഴക്കി കഴിഞ്ഞു കൂടി. സംവിധാനങ്ങളും സന്നാഹങ്ങളും കൊണ്ട് സമാനതകളില്ലാത്ത കര്‍ഷക ഐക്യത്തിന്റെ മുകുടോദാഹരണങ്ങളായി മാറി സിംഘുവിലേയും തിക്രിയിലേയും ഗാസീപൂരിലേയുമുള്‍പ്പടെയുള്ള സമര കേന്ദ്രങ്ങള്‍.
കോണ്‍ഗ്രസും പ്രതിപക്ഷവുമാണ് സമരത്തിനു പിന്നിലെന്നായിരുന്നു ഭരണകൂടം ആദ്യംആരോപിച്ചത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ് തകര്‍ക്കാനുള്ള ഗൂഢശ്രമമെന്നായിരുന്നു പിന്നീടുള്ളതിട്ടൂരം. ഖലിസ്ഥാന്‍ വാദികളും രാജ്യദ്രോഹികളും തീവ്രവാദികളുമാണവരെന്നും ആക്ഷേപിക്കുകയുണ്ടായി. മാവോവാദികളെന്നും അധിക്ഷേപിച്ചു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍ കിറ്റുമായി ബന്ധപ്പെടുത്തിയും സമരഭടന്മാരെ വേട്ടയാടി. സോഷ്യല്‍മീഡിയയിലും വാര്‍ത്താ ചാനലുകളിലും തങ്ങള്‍ക്കനുകൂലമായി മാത്രം പേനയുന്തുന്ന മാധ്യമങ്ങളിലും പെരുംനുണകളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. സമരഭൂമിയിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. കണ്ടൈനര്‍ മതിലുകള്‍ നിര്‍മിച്ചും മുള്ളു വേലിയും കിടങ്ങുമുണ്ടാക്കിയും കര്‍ഷകരെ നേരിട്ടു.
കോണ്‍ക്രീറ്റ് ഭിത്തികളുംആണിയടിച്ച കമ്പി വേലികളും കൂറ്റന്‍ ബാരിക്കേഡുകളും തീര്‍ത്ത് സമരത്തെ എതിരിട്ടു. അതു കൊണ്ടൊന്നും തളരാത്ത പോരാട്ട വീര്യത്തെ ആക്രമണത്തിലൂടെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനായി പിന്നീടുള്ള ശ്രമം. ഉത്തര്‍പ്രദേശിലെ ലഖിം പൂരില്‍ മന്ത്രി പുത്രന്‍ നടത്തിയ ക്രൂര കൊലപാതകങ്ങള്‍ ഒടുവിലത്തെ ഉദാഹരണമായിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ പുത്രനും ഗുണ്ടകളും നാലുകര്‍ഷകരെ വാഹനം കയറ്റിക്കൊല്ലുകയും നിരായുധരായ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുംചെയ്തു. കൈപത്തി വെട്ടി മാറ്റിയ യുവാവിന്റെ മൃതശരീരം സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കി പ്രതിഷേധച്ചൂടിനെഇല്ലായ്മ ചെയ്യാന്‍ വരെ വിഫലശ്രമം നടന്നുവെന്നത് എത്രമാത്രം ഭീകരമാണ്.
ഒരു ഡസനോളം ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷകാവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നിന്ന സര്‍ക്കാറിന് പെട്ടെന്നുണ്ടായ ബോധോദയമല്ല ഈ നിലപാട് മാറ്റം. ഡല്‍ഹിയില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയ മൂന്നു മന്ത്രിമാര്‍ നിയമം പിന്‍വലിക്കണമെന്ന് പറയരുതെന്നായിരുന്നു നിബന്ധന വെച്ചത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീരവാദം മുഴക്കിയവര്‍ തിരഞ്ഞെടുപ്പും അധികാരവും മറ്റെന്തിനേക്കാളും മേലെ വന്നപ്പോള്‍ കൈകൂപ്പി മാപ്പിരക്കുകയായിരുന്നുവെന്നതാണ് സത്യം. അധികാരം നില നിര്‍ത്തുന്നതിനുള്ള പൊടിക്കൈകളായിമാത്രമേ മതേതര സമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുള്ളൂ. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ്ഫലങ്ങള്‍ സംഘ് പരിവാറിനെ ഞെട്ടിക്കുന്നതായിരുന്നു. ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദയുടെ ഹിമാചല്‍പ്രദേശില്‍ മൂന്ന് നിയമ സഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റും ബി.ജെ.പിക്ക് നഷ്ടമായി. 2019 ല്‍ നാലുലക്ഷത്തിലധികം വോട്ടിനു ബി.ജെ.പി ജയിച്ച ലോക്‌സഭാ മണ്ഡലമാണ് കൈവിട്ടത്. മുഖ്യമന്ത്രി ജയറാം ഠാക്കുറിന്റെ ജില്ലയിലാണ് ഈ ലോക് സഭാ മണ്ഡലം. യു.പിയിലും രാജസ്ഥാനിലും ഹരിയാനയിലും നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലവും വലിയ തിരിച്ചടിയാണ് നല്‍കിയത്. ഈ പരാജയങ്ങളൊക്കെ നടക്കാനിരിക്കുന്നപഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അടിപതറാന്‍കാരണമാവുമെന്ന വിലയിരുത്തല്‍ ഭയത്തിന് ആക്കം കൂട്ടി.
80 ലോക് സഭാ സീറ്റുകളും 403 നിയമസഭാസീറ്റുകളുമുള്ള യു.പി.യിലുണ്ടാവുന്ന ക്ഷീണം അതെത്ര ചെറുതായാലും സംഘ് പരിവാറിനെപിടിച്ചുലക്കും. പ്രവചനങ്ങളും പെയ്ഡ് സര്‍വേകളും പഠനങ്ങളും വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് മുന്നറിയിപ്പ്‌നല്‍കിയത്. വര്‍ഗീയത വോട്ടാക്കി മാറ്റാന്‍ മികവ് തെളിയിച്ചവര്‍ക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്ന വര്‍ഗ സമുദായ ജാതി വ്യത്യാസമില്ലാതെയുള്ള കര്‍ഷകരുടെ കൂടിച്ചേരലുകളും ഐക്യവും വലിയ വെല്ലുവിളിയായിമാറി. ജനാധിപത്യത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് അധികാരത്തിലേറിയ ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്തിട്ടും പോരടിച്ചുംതര്‍ക്കിച്ചും നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് ഈ സമരവും മഹാ വിജയവും വലിയ പാഠം തന്നെയാണ്.