ദുബൈ: നിഷ്‌കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍ എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയരക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്വറിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്.
ആഘോഷങ്ങളെ വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണ്, അദ്ദേഹം തുടര്‍ന്നു. പെരുന്നാള്‍ വിശ്വാസിയുടെ ആഘോഷമാണ്, പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം, പ്രത്യുത, സര്‍വ്വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്‍ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ് ഈദ് ആഘോഷം.
ആഘോഷത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ അനുയോജ്യമല്ലാത്തവിധം ഭൂമി നിസ്സഹായരുടെ നിലവിളികളാലും അക്രമങ്ങളാലും അനീതികളാലും പ്രകമ്പനം കൊള്ളുകയാണ്. കഴിക്കാന്‍ ഭക്ഷണമോ ധരിക്കാന്‍ പുത്തന്‍ പുടവകളോ തല ചായ്ക്കാന്‍ ഒരിടമോ ഉല്ലസിക്കാന്‍ കേന്ദ്രങ്ങളോ നമസ്‌കാരിക്കാന്‍ പള്ളികളോ ഈദാശംസകള്‍ കൈമാറാന്‍ സുഹൃത്തുക്കളോ നര്‍ഭയരായിരിക്കാന്‍ ഒരിഞ്ച് ഭൂമിയോ ഇല്ലാത്ത ഒരു സമൂഹം നമ്മുടെ മുമ്പിലുള്ളപ്പോള്‍ നമുക്കെങ്ങിനെ അതിരുകളില്ലാതെ ആഘോഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
പൗരത്വ നിഷേധത്തിന്റെയും വംശഹത്യയുടെയും നീതി നിഷേധത്തിന്റെയും ഭീഷണികള്‍ മുഴങ്ങിക്കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ പീഡിതരോടൊപ്പം നിലകൊള്ളാനും ഐക്യപ്പെടാനും നമുക്ക് സാധിക്കണം. ഇതോടൊപ്പം വിനാശകരമായ സര്‍വ്വ ആയുധങ്ങളെയും നിര്‍വ്വീര്യമാക്കാനുതകുന്ന പ്രാര്‍ത്ഥന ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ഉയരണമെന്ന് ഏകാധിപതിയായ ഫിര്‍ഔനിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
മാതൃകകള്‍ നിര്‍വ്വചിക്കപ്പെടുക എന്നത് നിര്‍ണ്ണായകമായ ഒന്നത്രെ. ആരെയാണ് മോഡലാക്കേണ്ടതെന്ന് ആധുനിക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടെത്തൊളം അവന്റെ റോള്‍ മോഡല്‍ മുഹമ്മദ് നബിയായിരിക്കണം. ദുബൈ പോലെയുള്ള മെട്രൊപോളിറ്റിന്‍ സിറ്റികളില്‍ വളരുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന യുവസമൂഹത്തിന് വൈകാരികതകള്‍ പങ്കുവെക്കുന്ന മനോഭാവം നഷ്ടപ്പെട്ടുപോകുന്നു എന്നത് ഭയാനകതയോടെ ഓര്‍ക്കേണ്ടതാണ്. വളരുന്ന തലമുറ വൈകാരിതകള്‍ ഒന്നുമില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായി മാറുന്നു എന്നത് ഗൗരവത്തോടെ കാണണം. ഈ എ.ഐ യുഗത്തില്‍ രക്തബന്ധങ്ങള്‍ക്കും മനൂഷ്യ മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടമാകുമെന്ന എന്ന ചിന്ത നമ്മെ അലോസപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.
മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രശസ്താരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.