ചെലവൂര്‍ വേണു
നാടകരംഗത്തും സിനിമാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. കന്നഡ ഭാഷയിലും സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ എന്ന നിലക്കും അദ്ദേഹം സാംസ്‌കാരിക ലോകത്തിന് വിസ്മയം തീര്‍ത്തു. 1970ല്‍ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ സംസ്‌കാര ചലച്ചിത്രമാക്കിയപ്പോള്‍ മുഖ്യവേഷം ചെയ്തത് ഗിരീഷ് കര്‍ണാട് ആയിരുന്നു. അമ്പലത്തിലെ പൂജാരിയുടെ വേഷം. സ്‌നേഹലതാ റെഡ്ഢിയായിരുന്നു ആ ചിത്രത്തിലെ നായിക. സിനിമ സാംസ്‌കാരിക വിനിമയത്തിന്റെ ഏറ്റവും കരുത്തുറ്റ മാധ്യമമാണെന്ന് ഉള്‍ക്കൊണ്ട പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ശിവരാമ കാരന്തിന്റെ ചോമനതുടി, ശ്രീകൃഷ്ണ ആലനഹള്ളിയുടെ കാട് എന്നിവ ചലച്ചിത്രമാക്കിയപ്പോഴും ഗിരീഷ് കര്‍ണാട് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചു.
കേരളത്തെപോലെ അല്ലെങ്കില്‍ കേരളത്തിനേക്കാളുപരി നാടകത്തെ നെഞ്ചേറ്റുന്ന നാടാണ് കര്‍ണാടകം. ശിവരാമ കാരന്ത്, മഗ്്‌സാസെ അവാര്‍ഡ് ജേതാവ് സുബ്ബണ്ണ എന്നിവരുടെ കൂടെ നാടകത്തില്‍ സജീവമായ ചരിത്രമാണ് കര്‍ണാടിനുള്ളത്. ഹയവദന എന്ന നാടകമാണ് കര്‍ണാടിനെ ദേശീയതലത്തില്‍ പ്രശസ്തനാക്കിയത്. വംശവൃക്ഷ, തുഗ്ലക് തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായ രചനകളാണ്. കേരളത്തെപറ്റി വളരെ താല്‍പര്യത്തോടെ സംസാരിക്കുന്ന ആളായിരുന്നു കര്‍ണാട്. ഫാസിസത്തിന്റെ കടന്നുകയറ്റം അനുദിനം വര്‍ധിക്കുന്ന വേളയില്‍ കേരളം മാത്രമാണ് ആകെയുള്ള തുരുത്ത് എന്നദ്ദേഹം സുഹൃല്‍സദസ്സുകളില്‍ പറയുമായിരുന്നു. ചലച്ചിത്രമേളകളില്‍ ജൂറിയായും മറ്റും ഗിരീഷ് കര്‍ണാട് കേരളത്തില്‍ എത്തിയിട്ടുണ്ട്.
എല്ലാതരത്തിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകളോടും കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു രാഷ്ട്രീയബോധം അദ്ദേഹം വളര്‍ത്തിയെടുത്തു. മലയാളത്തില്‍ ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ഗിരീഷ് കര്‍ണാട് മലയാളത്തില്‍ എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ പ്രിന്‍സ് എന്ന ചിത്രത്തിലും വേഷം ചെയ്തു. എഴുപതുകളിലെ വസന്തമായിരുന്നു ഗിരീഷ് കര്‍ണാടിന്റെ ചലച്ചിത്രങ്ങള്‍. അനന്തമൂര്‍ത്തിയുടെ സംസ്‌കാരക്ക് പുറമെ ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധയും ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടി. അതിലും കര്‍ണാടിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്യാംനഗലിന്റെ ചിത്രങ്ങളിലും കര്‍ണാടിന് സ്ഥാനം ലഭിച്ചു. സ്മിത പാട്ടീല്‍, ശബന ആസ്മി, നസുറുദ്ദീന്‍ ഷാ എന്നീ അഭിനയ സാമ്രാട്ടുകള്‍ക്കൊപ്പം കര്‍ണാടും തിളങ്ങി. അന്തര്‍ദേശയ ചലച്ചിത്രമേളകളിലും കര്‍ണാട് ഇടം നേടി.
കോഴിക്കോട് അശ്വനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടിന്റെ സംസ്‌കാര, കാട്, ചോമനതുടി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ണാട് അരങ്ങൊഴിയുന്നതോടെ ഫാസിസത്തിന് എതിരെയുള്ള ചെറുത്തുനില്‍പിന്റെ സാന്നിധ്യം കൂടിയാണ് ഇല്ലാതാവുന്നത്. ഗൗരി ലങ്കേഷ് വധിക്കപ്പെട്ട അവസരത്തില്‍ പ്രതിഷേധ കൂട്ടായ്മയുടെ മുന്‍നിരയില്‍ കര്‍ണാടും ഉണ്ടായിരുന്നു. കടുത്ത രോഗാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ആ പരിപാടിയില്‍ പങ്കെടുത്തു. അനന്തമൂര്‍ത്തിയെ പോലെ ഗിരീഷ് കര്‍ണാടും ഫാസിസ്റ്റ് ശക്തികളുടെ ഭീഷണി നേരിട്ടു. അനന്തമൂര്‍ത്തിയെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. ഫാസിസത്തിനെതിരായ ശക്തമായ നിലപാടുകളുമായി കര്‍ണാട് അവസാനം വരെ പിടിച്ചുനിന്നു. ടിപ്പു സുല്‍ത്താനെ അധിനിവേശത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതിനെ കര്‍ണാട് എതിര്‍ത്തിരുന്നു. ഹമ്പിയില്‍ രമ്യഹര്‍മ്യങ്ങള്‍ തകര്‍ത്തതിന്റെ പിന്നില്‍ പുറത്തുനിന്നുളള ശക്തികളല്ലെന്നും മറിച്ച് നാട്ടുരാജാക്കന്മാരുടെ കുടുംബത്തില്‍ നിന്നുള്ള അന്ത:ഛിത്രങ്ങളാണെന്ന് തുറന്നുപറയാനും കര്‍ണാട് തയാറായിരുന്നു. വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴും കര്‍ണാടകത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തുന്ന മനസ്സായിരുന്നു കര്‍ണാടിന്റേത്. അത്രമാത്രം നാടിനെ അദ്ദേഹം സ്‌നേഹിച്ചു. സാംസ്‌കാരിക ഔന്നിത്യം പുലര്‍ത്തുന്ന കര്‍ണാട് എന്ന കലാകാരനെ കേരളവും നിറഞ്ഞ ഹൃദയത്തോടെയാണ് എപ്പോഴും കണ്ടത്.
അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നില്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- 6 years ago
chandrika
Categories:
Video Stories
ഗിരീഷ് കര്‍ണാട്: കലാപ്രവര്‍ത്തനം സാംസ്‌കാരിക വിനിമയമാക്കിയ പ്രതിഭ
Ad


Tags: gireesh karnadtamil film