ഫൈസല്‍ മാടായി
കണ്ണൂര്‍
നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും. കലാകാരന്‍മാര്‍ക്കിത് നഷ്ടപ്പെട്ടിടത്ത് നിന്ന് തിരിച്ചുപിടിക്കേണ്ടുന്ന നല്ലകാലം. ആളും ആരവങ്ങളും അരങ്ങുണര്‍ത്തുമ്പോള്‍ ചിരിവിരിയുകയാണ് ജോക്കര്‍ വേഷമണിയുന്നവരുടെ മുഖങ്ങളിലും.
കോവിഡ് തീര്‍ത്ത അകലങ്ങളും പിന്നിട്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോളം കണ്ണൂരില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് കൂടാരത്തിലും നിറയുകയാണ് പ്രതീക്ഷയുടെ തിരിവെട്ടം. മഹാമാരിയുടെ മഹാവ്യാപനത്തെ തുടര്‍ന്ന് കലാകാരന്‍മാര്‍ സ്വന്തം ദേശങ്ങളിലേക്ക് തിരികെപോയിടത്ത് നിന്ന് വീണ്ടുമെത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സര്‍ക്കസിന്റെ സ്വന്തം നാട്ടില്‍ തമ്പുയര്‍ന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിട്ടാവുന്ന കലാകാരന്‍മാരെയുള്‍പ്പെടുത്തിയാണ് കാഴ്ചയ്ക്ക് വൈവിധ്യമേകി പുതിയ ഇനങ്ങളുമായി കോവിഡാനന്തര കാലത്ത് ജംബോ സര്‍ക്കസിന്റെ അരങ്ങേറ്റം. എംവി ശങ്കരന്‍ തുടക്കം കുറിച്ച ജംബോ സര്‍ക്കസ് ഇപ്പോള്‍ നടത്തുന്നത് മക്കളായ അജയ് ശങ്കറും അശോക് ശങ്കറുമാണ്.
വീട്ടിലൊതുങ്ങിയതോടെ ഉപജീവനം മുടങ്ങി അന്നത്തിന് വകയില്ലാതെ പ്രയാസപ്പെട്ട നാളുകളും കടന്നാണ് മറ്റ് തൊഴില്‍ മേഖലയിലെന്ന പോലെ സര്‍ക്കസ് കലാകാരന്‍മാരും ജീവനക്കാരും വീണ്ടും സജീവമാകുന്നത്. പ്രതിസന്ധികളെ അതിജീവിച്ചാണ് സര്‍ക്കസ് ഉപജീവനമായി കൊണ്ടുനടക്കുന്നവരുടെ തിരിച്ചുവരവ്. ചെലവിനനുസരിച്ച് വരുമാനം ലഭ്യമാകാത്ത കാലത്ത് സാമ്പത്തിക വെല്ലുവിളിയേറെയാണ് സര്‍ക്കസ് മേഖലയ്ക്കും. കേരളത്തില്‍ സര്‍ക്കസ് കാണാന്‍ ആളുകളേറെയെത്തുന്നുണ്ടെങ്കിലും ഈ മേഖലയുടെ തുടര്‍പ്രയാണം ആശങ്കാജനകമാണെന്ന് ജംബോ സര്‍ക്കസ് ഉടമകളിലൊരാളായ അജയ് ശങ്കര്‍ പറയുന്നു.
വെല്ലുവിളികളേറെ, അരങ്ങിലും അമരത്തും
കലാകാരന്‍മാര്‍ക്കുള്‍പ്പെടെ സര്‍ക്കാറില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കസ് കലാകാരന്‍മാരെ കിട്ടാത്ത അവസ്ഥയുമുണ്ട്. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. 18 വയസ് പൂര്‍ത്തിയായവരെ മാത്രമേ സര്‍ക്കസ് കലാകാരന്‍മാരായി ഉള്‍പ്പെടുത്താവൂവെന്ന നിയമവും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ലക്ഷകണക്കിന് രൂപയാണ് പ്രതിദിന ചിലവ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറി ഓരോ സീസണിലും പ്രദര്‍ശനം തുടരുന്ന സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ ട്രക്കുകള്‍ക്കും നല്‍കണം വലിയ വാടക. പ്രദര്‍ശന നഗരികളുടെ ഉയര്‍ന്ന വാടകയും കൂടിയാകുമ്പോള്‍ വെല്ലുവിളികളേറെയാണ്. കാഴ്ചക്കാരെ വിസ്മയിപ്പിക്കാനാകുന്ന കലാകാരന്‍മാര്‍ ഇനിയങ്ങോട്ടും ഈ മേഖലയിലെത്തേണ്ടതുണ്ട്. എന്നാല്‍ പ്രായത്തിന്റെ നിയന്ത്രണങ്ങളാല്‍ ഇത് സാധ്യമാകുന്നില്ലെന്ന അവസ്ഥയാണ്.