കീവ്: 1990കളിലെ യൂഗോസ്ലാവിയ തകര്‍ച്ചക്കുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാണിപ്പോള്‍ യൂറോപ്പ് സാക്ഷ്യംവഹിക്കുന്നത്. യുക്രെയ്‌നില്‍ റഷ്യന്‍ സേന ആക്രമണം തുടങ്ങിയതു മുതല്‍ നാലു ലക്ഷത്തോളം പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഒന്നര ലക്ഷത്തോളം പേര്‍ അതിര്‍ത്തി വഴി അയല്‍ രാജ്യങ്ങളിലെത്തിയിട്ടുണ്ട്. സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കാരണം യുക്രെയ്ന്‍ നഗരങ്ങള്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി. റഷ്യന്‍ ആക്രമണം ഭയന്ന് എല്ലാവരും ബങ്കറുകളിലേക്ക് മാറിയിരിക്കുകയാണ്. യുദ്ധം തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് യു.എന്‍ മുന്നറിയിപ്പുനല്‍കുന്നു.
തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓരോ മണിക്കൂറിലും ജീവിതം ദുരിതപൂര്‍ണമാവുകയാണെന്ന് യൂനിസെഫ് ഉദ്യോഗസ്ഥന്‍ അഫ്ഷാന്‍ ഖാന്‍ പറഞ്ഞു. കിഴക്കന്‍ യുക്രെയ്‌നില്‍ ആയിരക്കണക്കിന് ആളുകള്‍ വെള്ളവും ഭക്ഷണവും വൈദ്യുതിയിലുമില്ലാതെ നരകിക്കുകയാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് വിദേശികളാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. അയല്‍രാജ്യങ്ങളിലേക്ക് വാഹനങ്ങളിലും കാല്‍നടയായും അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. യുക്രെയ്‌നില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നുകൊടുത്തിട്ടുണ്ട്. അമേരിക്കയും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറെടുപ്പു തുടങ്ങിയതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചു. എന്നാല്‍ യുദ്ധം കഴിഞ്ഞതിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നതുകൊണ്ട് അധികം പേരും യൂറോപ്പില്‍ തന്നെ തുടരാനായിരിക്കും താല്‍പര്യപ്പെടുകയെന്ന് ജെന്‍ സാകി പറഞ്ഞു.