X

കൂട്ടപലായനം തുടരുന്നു; കൊടുംതണുപ്പില്‍ ചുരുങ്ങിയത് 10 ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്

വോസോ: മാസങ്ങള്‍ക്കുമുമ്പ് പോളണ്ട് അതിര്‍ത്തി കവാട ചിത്രം മറ്റൊന്നായിരുന്നു. ഹൃദയശൂന്യരായ പോളിഷ് സേന സിറിയന്‍, ഇറാഖി അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്ന ഹൃദയഭേദക ദൃശ്യം കണ്ട് ലോകം ഞെട്ടി. യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കാനായി ബെലറസില്‍നിന്ന് എത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ പോളിഷ് സേന ആട്ടിയോടിക്കുകയായിരുന്നു.

ഇപ്പോള്‍ യുക്രെയ്ന്‍ അഭയോര്‍ത്ഥികളെ പോളണ്ടും റൊമേനിയയും നെഞ്ചോട് ചേര്‍ക്കുകയാണ്. ഇരു രാജ്യങ്ങളും അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുന്നു. ഭക്ഷണവും പാര്‍പ്പിടവുമൊരുക്കി അഭയാര്‍ത്ഥികളെ കാത്തിരിക്കുകയാണ് അവര്‍. പരമാവധി മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മത്സരിക്കുകയാണ്.

ഓരോ ദിവസവും യുക്രെയ്‌നികളും വിദേശ പൗരന്മാരുമടക്കം പതിനായിരങ്ങളാണ് അതിര്‍ത്തി കടന്നുവരുന്നത്. ട്രെയ്‌നിലും കാറുകളിലും കാല്‍നടയായും എത്തുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘങ്ങള്‍ ദയനീയ കാഴ്ചയായി മാറിയിട്ടുണ്ട്. 660,000 അഭയാര്‍ത്ഥികള്‍ ഇതിനകം അതിര്‍ത്തി കടന്നെത്തിയതായി ഐക്യരാഷ്ട്രസഭ പറയുന്നു. ചുരുങ്ങിയത് 10 ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

കൊടുംതണുപ്പില്‍ ഏതു വിധേനയും യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടാനുള്ള സാഹസത്തില്‍ കുട്ടികളടക്കം തളരുകയാണ്. കീവ് ലക്ഷ്യമിട്ട് റഷ്യന്‍ വന്‍ സേനാവ്യൂഹം എത്തുന്നുവെന്ന വാര്‍ത്തക്കിടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ 60 മണിക്കൂറോളം കാത്തിരുന്നാണ് അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് പ്രവേശിക്കുന്നത്. റൊമാനിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ നിര കിലോമീറ്ററുകളോളം നീളുന്നതാണെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ഷാബിയ മാന്റു പറഞ്ഞു. യുദ്ധത്തില്‍ റോഡുകള്‍ പലതും തകര്‍ന്നതുകാരണം വാഹനങ്ങള്‍ ഉപേക്ഷിച്ച് നടന്നാണ് അഭയാര്‍ത്ഥികള്‍ അതിര്‍ത്തിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിലപ്പെട്ടതെല്ലാം നാട്ടില്‍ ഉപേക്ഷിച്ച് പോന്നവര്‍ അന്താരാഷ്ട്ര സഹായത്തിന് യാചിക്കുകയാണ്.

Test User: