X

തിരിച്ചടിക്കുള്ള പ്രധാന കാരണം; 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്‍ഡിഎയില്‍ കലഹം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്‍ഡിഎയില്‍ കലഹം. തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത് .

ഈ 400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികള്‍ ഓരോരുത്തരായി പറഞ്ഞു തുടങ്ങി. എല്ലാ പ്രശ്നത്തിനും കാരണമായി ഏക്‌നാഥ് ഷിന്‍ഡെ ചൂണ്ടിക്കാട്ടുന്നത് 400 സീറ്റെന്ന മുദ്രാവാക്യത്തെയാണ്. 400 സീറ്റ് ലഭിച്ചാല്‍ ഭരണ ഘടന തിരുത്തി എഴുതുമെന്ന് പോലും ചില ബി.ജെ.പി നേതാക്കള്‍ പ്രഖ്യാപിച്ചു.

ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണെന്നു പ്രതിപക്ഷം വ്യാഖ്യാനിച്ചു. ഇതോടെ ദലിത്, പിന്നോക്ക വോട്ടുകള്‍ ഇന്ത്യ മുന്നണിയിലേക്ക് ഒഴുകി പോയെന്നു ശിവസേന കുറ്റപ്പെടുത്തി. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വന്നത് മഹാരാഷ്ട്രയിലും യുപിയിലുമായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ നിലപാട് ശരിവച്ചു ജെ.ഡി.യുവും രംഗത്തെത്തി.

മോദി പ്രഭാവത്തില്‍ ജയിച്ചു കയറാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശ്വാസമെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു . അമിത ആത്മവിശ്വാസം തിരിച്ചടിക്ക് കാരണമായെന്നും ആര്‍.എസ്.എസ് വിലയിരുത്തുന്നു.

webdesk13: