X

‘മുഖ്യശത്രു ബിജെപി, പക്ഷെ തകര്‍ക്കേണ്ടത് കോണ്‍ഗ്രസിനെ’-കെ.കെ.അബ്ദുസ്സലാം

CPIM FLAG

ലോകത്തെങ്ങുമുള്ള അടിസ്ഥാന വര്‍ഗം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനമാണ് കമ്യൂണിസം. അതിന്റെ തറവാട് നാടുകളില്‍ നിന്നൊക്കെ ആ പ്രത്യയശാസ്ത്രം അസ്തമിച്ചു കഴിഞ്ഞു. പഴയ പ്രമുഖ കമ്യൂണിസ്റ്റ് നാടുകളില്‍ പലതും ഇന്ന് മുതലാളിത്ത ചേരിയിലാണ്. ബാക്കിയുള്ളവയും മുതലാളിത്ത പാതയിലൂടെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പ് ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാജ്യമായി മാറുമെന്ന് ആദ്യ കാലത്തെ കമ്യൂണിസ്റ്റാചാര്യന്‍മാര്‍ സ്വപ്‌നം കണ്ടിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അഞ്ചിലൊന്നു പിന്നിട്ടു കഴിഞ്ഞിട്ടും ഇന്ത്യയില്‍ ഈ പ്രസ്ഥാനം ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. മാത്രമല്ല, ഉള്ള ശക്തിയില്‍ മൂന്നിലൊന്നേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.

കേരളം എന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തില്‍ മാത്രമേ ഇന്നത് ബാക്കിയുള്ളു എന്നോര്‍ക്കുക. അവിടെത്തന്നെ ഒറ്റക്കല്ല ഭരിക്കുന്നത്, കുറെ വലതുപക്ഷ പിന്തിരിപ്പന്‍ വാല്‍ക്കഷ്ണങ്ങളുടെ സഹകരണത്തോടെയാണ്. ഇപ്പോള്‍ നിവര്‍ന്നു നിന്ന് ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന് ഒരു സഖാവും പറയാറില്ല. മറിച്ച് ഇടതുപക്ഷ മുന്നണി എന്നാണ് പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെപ്പോലും ഒരു പ്രതിപക്ഷ പാര്‍ട്ടിയായി അംഗീകരിക്കാന്‍ ലോക്‌സഭയില്‍ കഷ്ടി ഒന്നോ രണ്ടോ സീറ്റ് മാത്രമുള്ള ഈ പാര്‍ട്ടി തയാറല്ല താനും.ഒറ്റക്ക് ഒരു കോണ്‍ഗ്രസുകാരിയായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിനോട് പിണങ്ങി, പേരില്‍ കോണ്‍ഗ്രസായി തന്നെ ചില സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍,ദ്രാവിഡിയന്‍ സംസ്‌ക്കാരത്തിനപ്പുറത്ത് ഒരു ലോകമുണ്ടേ ാ എന്ന് സംശയിക്കുന്ന ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളെ കൂടെ കൂട്ടി ബിജെപി യെ കേന്ദ്രത്തില്‍ നിന്ന് തൂത്തെറിയുമെന്നാണ് കണ്ണൂര്‍ മഹാസമ്മേളനത്തില്‍പാര്‍ട്ടി ഈയിടെ പ്രഖ്യാപിച്ചത്.ഈ പ്രഖ്യാപനം കേട്ട് സാക്ഷാല്‍ സീതാറാം യെച്ചൂരി തന്നെയും മൂക്കത്ത് വിരല്‍ വെച്ചു പോയി എന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.കാലക്രമേണ ഏതു പ്രസ്ഥാനത്തിനും സംഭവിച്ചേക്കാവുന്ന ആദര്‍ശ വ്യതിയാനവും അപചയവും കമ്യൂണിസത്തെയും ഗ്രസിച്ചു. അധികാരവും സ്വാധീനവും ലഭിച്ചേടത്തൊക്കെ ആദ്യം നേതാക്കളും പിന്നെ അടുത്ത അനുയായികളും അലസരും സുഖലോലുപരും ആയി മാറുകയും പതുക്കെ മുതലാളിത്ത പാതയിലേക്കു നീങ്ങുകയും ചെയ്തു. അത് കുടികൂടി വന്നപ്പോള്‍ സാധാരണക്കാര്‍ പാര്‍ട്ടിയില്‍ നിന്നകലാന്‍ തുടങ്ങി.ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സ്വജനപക്ഷപാതം വെച്ചു പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കഴിഞ്ഞത് അങ്ങനെയാണ്. അനാവശ്യ സമരങ്ങളെ പ്രോല്‍സാഹിപ്പിക്കുക, പിന്‍വാതിലിലൂടെ പാര്‍ട്ടി അണികള്‍ക്ക് ജോലി നേടിക്കൊടുക്കുക, അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കി സഹായിക്കുക എന്നിവ അതില്‍ ചിലതു മാത്രം. പക്ഷെ ഈ പ്രകടനം പാര്‍ട്ടിയുടെ ഇസ്സത്തിന് കോട്ടം തട്ടിച്ചു. വിശ്വസ്തതക്ക് കളങ്കം ചാര്‍ത്തി. നിഷ്പക്ഷരില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന അന്തസ്സും ആദരവും കുറച്ചു. ഇന്ത്യയിലെ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായി മാത്രം കമ്യൂണിസ്റ്റു പാര്‍ട്ടിയെയും ജനങ്ങള്‍ കാണാന്‍ തുടങ്ങി.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കണ്ണൂരില്‍ വെച്ച് നടന്ന പാര്‍ട്ടി സമ്മേളന മഹാമഹത്തില്‍ കാണിച്ചു കൂട്ടിയ കോപ്പിരാട്ടികള്‍ മേല്‍ പറഞ്ഞതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്ന ഉറച്ച തീരുമാനം ഇന്ത്യന്‍ ജനാധിപത്യക്രമം തന്നെ താളം തെറ്റാനിടയാക്കുമെന്നസത്യം മുന്‍കൂട്ടി കണ്ടറിഞ്ഞ്, എന്തു വില കൊടുത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ ഈ മണ്ണില്‍ നിന്ന് തൂത്തെറിയുക എന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റാന്‍ പാര്‍ട്ടി സമ്മേളനത്തിനു കഴിയാതെ പോയി. മറിച്ച് കോണ്‍ഗ്രസുമായി ഒരു ബന്ധവും സന്ധിയും ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് വര്‍ഗീയ ശക്തികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തത്. അതായത് ചരിത്രം മാപ്പു നല്‍കാത്ത മറ്റൊരു മണ്ടത്തരത്തിലേക്ക് വീണ്ടും പാര്‍ട്ടി എടുത്തു ചാടി എന്നര്‍ഥം. തിരുത്താന്‍ ഇനിയും സമയമുണ്ട്. ദുര്‍വ്വാശി ഉപേക്ഷിച്ചാല്‍ മാത്രം മതി.രാഷ്ട്രീയത്തില്‍ വേണ്ടത് ദീര്‍ഘദൃഷ്ടിയാണ്. താല്‍ക്കാലിക വികാര പ്രകടനമല്ല. ഇതു മനസ്സിലാക്കി ഇനിയെങ്കിലും വിവേകത്തോടെ മുന്നോട്ടു പോയാല്‍ നഷ്ടപ്പെട്ട നേട്ടങ്ങള്‍ വീണ്ടും തിരിച്ചുപിടിക്കുവാനും,ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷി എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനോടു പുലര്‍ത്തുന്ന അന്ധമായ വിരോധം അവസാനിപ്പിക്കേണ്ടതുണ്ട്.

 

 

Chandrika Web: