ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുകയാണ്. പുകയില ഉപയോഗത്തില്‍ നിന്നും അകലം പാലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് സര്‍ക്കാറുകളെ പ്രേരിപ്പിക്കുകയുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1988 ഏപ്രില്‍ ഏഴാം തിയ്യതിയാണ് ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്.1989 മുതല്‍ മെയ് 31 ന് പുകയില വിരുദ്ധദിനം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിച്ചു വരുന്നു.
ഓരോ വര്‍ഷവും പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചു വരുന്നത്. 2022 ലെ പുകയില വിരുദ്ധ ദിനത്തില്‍ ചര്‍ച്ച ചെയ്യുന്ന തീം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ്. പ്രകൃതിയേയും മനുഷ്യരേയും ബാധിക്കുന്ന പുകയില ഉല്‍പ്പന്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലോകാരോഗ്യ സംഘടന. വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നു. പുകയില കൃഷിയുടെ വിജയകരമായ വിളവെടുപ്പുകള്‍ക്ക് കീടനാശിനികള്‍ ധാരാളമായി ഉപയോഗിക്കേണ്ടി വരുന്നത് പരിസ്ഥിതിക്കേല്‍പ്പിക്കുന്നത് വലിയ മുറിവു
കളാണ്.പുകയില കൃഷിക്കായി വനനശീകരണം (ഓരോ വര്‍ഷവും 3.5 ദശലക്ഷം ഹെക്ടര്‍ ഭൂമി നശിപ്പിക്കപ്പെടുന്നു) ലോകത്ത് വ്യാപകമാണ്. പുകയില കൃഷിക്ക് വലിയ തോതില്‍ ജലം ആവശ്യമായി വരുന്നതും പ്രകൃതി ചൂഷണത്തിന്റെ ഗണത്തിലെഴുതാം.
8 ദശലക്ഷം പേരാണ് ഒരു വര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മൃതിയണിയുന്നത്. പന്ത്രണ്ട് ലക്ഷത്തോളം ഹതഭാഗ്യര്‍ സെക്കന്റ് ഹാന്റ് സ്‌മോക്കിംഗ് ( നിഷ്‌ക്രിയ ധൂമ പാനം) മൂലവും തേര്‍ഡ് ഹാന്റ് സ്‌മോക്കിംഗ് മൂലവും മരണം വരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടികൂടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുകവലിക്കുന്നവരിലും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരിലും എ.സി.ഇ 2 എന്‍സൈമുകള്‍ കൂടുതലായതിനാല്‍ വൈറസിന്റെ ശ്വാസകോശ പ്രവേശനം എളുപ്പത്തിലാക്കും. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യത്തില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ് ടാര്‍. ശ്വാസ കോശത്തിലെ ചെറു കോശങ്ങളില്‍ പുരളുന്ന ടാര്‍ പിന്നീട് കോശങ്ങളെ അര്‍ബുദ രോഗങ്ങള്‍ക്ക് പാകപ്പെടുത്തുന്നു. മഹാമാരിയായി കോവിഡിനെ പരിഗണിക്കുന്ന ആഗോള സമൂഹം ഏറ്റവും വലിയ മനുഷ്യക്കുരുതി നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളെ വന്‍ തോതില്‍ സ്വീകരിക്കുന്നു. 30 കോടിയിലധികം ജനങ്ങള്‍ ഇന്ത്യയില്‍ മാത്രം പുകയില ഉപയോഗിക്കുന്നവരാണ്. ഒരു ദിവസം പുതുതായി ആറായിരിത്തിലധികം പേര്‍ ഈ ചങ്ങലയില്‍ കണ്ണികളാവുന്നു. സിഗിരറ്റും ബീഡിയും ഹുക്കയും പാന്‍ മസാലയും ഗുഡ്ക്കയും ഹൃദയങ്ങള്‍ കവരുകയും പിന്നീട് ജീവിതം കവര്‍ന്നെടുക്കുകയും ചെയ്യുന്നു.
മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും പടരുന്നു എന്നുള്ളതിനാലാണ്. രക്താര്‍ബുദം,മൂത്രാശയ കാന്‍സര്‍ ,ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍,അന്നനാള കാന്‍സര്‍,വൃക്കയുടെ കാന്‍സര്‍,സ്വനപേടകത്തിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം,വായക്കുള്ളിലെ കാന്‍സര്‍,ആഗ്‌നേയ ഗ്രന്ഥിയുടെ കാന്‍സര്‍ , തൊണ്ടയിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍ , ഹൃദയസ്തംഭനം ,അല്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ്, രക്തസമ്മര്‍ദ്ദം, മാസം തികയാതെ പ്രസവിക്കല്‍,വന്ധ്യത,കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം , ബലക്ഷയം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാകുന്നു. അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ലോക മഹായുദ്ധങ്ങളില്‍ വന്ന ആള്‍ നാശത്തേക്കാള്‍ വന്‍ നഷ്ടങ്ങളാണ് പുകയില ലോകത്തിന് നല്‍കുന്നത്.