തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുലയ്ക്കുന്ന കേസുകള്‍ ഈ ആഴ്ച ലോകായുക്ത പരിഗണിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരായ പരാതി പരിഗണനയ്‌ക്കെടുക്കണോ എന്ന് ലോകായുക്ത തീരുമാനിക്കാനുള്ള വാദം കേള്‍ക്കല്‍ നാളെയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയനേതാക്കള്‍ക്ക് സഹായവിതരണത്തിന് വഴിമാറ്റിയെന്നതും കണ്ണൂര്‍ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയെന്നതുമാണ് രണ്ടു കേസുകള്‍. ഇതില്‍ ആദ്യത്തെ കേസില്‍ മുഖ്യമന്ത്രിക്ക് പുറമേ കഴിഞ്ഞ ഒന്നാം പിണറായി മന്ത്രിസഭയിലെ 16 മന്ത്രിമാരും പ്രതിസ്ഥാനത്തുണ്ട്. അതിന്റെ അവസാനത്തെ ഹിയറിംഗ് ഫെബ്രുവരി നാലിനാണ്. ഫെബ്രുവരി നാലിന്റെ കേസില്‍ ഹിയറിംഗിന് ശേഷം ഏതു ദിവസവും ലോകായുക്ത ഉത്തരവ് പുറപ്പെടുവിക്കാം എന്നതാണ് നില. ഇതിനെ മറികടക്കാനാണ് തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് ആരോപണം.