പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തിരുത്തിയതിന് പിന്നാലെ ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള 3 നിര്‍ണായക ബില്ലുകള്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയ്ക്കുള്ള ബില്ലുകളാണ് പാസാക്കിയത്.
രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം എന്നിവയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തി. വിവാഹേതര ബന്ധം, സ്വവര്‍ഗരതി എന്നിവ ക്രിമിനല്‍ കുറ്റമാക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം ഉള്‍പ്പെടുത്തിയില്ല. സുപ്രീംകോടതി വധശിക്ഷ ശരിവച്ച് മുപ്പത് ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്നതടക്കം വ്യവസ്ഥകളുണ്ട്.
ആള്‍ക്കൂട്ട ആക്രമണത്തിന് കടുത്ത ശിക്ഷയുണ്ടാകും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം തടയാനാണ് പ്രഥമ പരിഗണനയെന്ന് ബില്ലുകളിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.