പി.റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം: കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് സമീപവാസികൾ വിട്ടുനൽകിയ സ്ഥലങ്ങളിലൂടെ റോഡ് നിർമ്മിച്ചു നാട്ടുകാർ മാതൃകയായി.ചെറയകുത്ത് അബൂബക്കർ ഹാജി, എം.ഉസ്മാൻ
എന്നിവർ സൗജന്യമായി വിട്ടു നൽകിയ സ്ഥലങ്ങളിലൂടെ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിലാണ് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമുള്ള റോഡ് നിർമ്മിച്ചത്.
കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഹുസൈൻ,
ജില്ലാ പഞ്ചായത്തംഗം ടി. പി. ഹാരിസ്, വാർഡ് മെമ്പർ ശബീബ ഹമീദ്, സി.എച്ച്.ഫാറൂക്ക് , ക്ഷേത്ര പൂജാരി വിഷ്ണു,
എം.കെ.മുസ്തഫ, എം.കെ.കുഞ്ഞാലി ,സി .ടി .ഹമീദ് എന്നിവർ നേതൃത്വം നൽകി.
വർഷങ്ങളായി ജീർണ്ണതാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പേരിൽ പ്രദേശത്തെ മതമൈത്രി തകർക്കാൻ ലക്ഷ്യം വെച്ച് പുറത്ത് നിന്നുള്ള ചിലർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്താൻ നേരത്തെ
പെരിന്തൽമണ്ണ ആർ.ഡി.ഒ ഓഫീസിൽ മഞ്ഞളാംകുഴി അലി എം എൽ എ ,ആർ.ഡി.ഒ, എന്നിവരുടെ സാന്നിധ്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ, ഭൂവുടമകൾ, ദേവസ്വം എക്സികുട്ടീവ് ഓഫീസർ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വഴിക്കാവശ്യമായ സ്ഥലം തികച്ചും സൗജന്യമായി നൽകാമെന്ന് സ്ഥലമുടമകൾ സമ്മതിക്കുകയും താലൂക്ക് സർവ്വെ സംഘം സർവ്വെ നടത്തി റോഡ് മാപ്പ് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ഇന്ന് റോഡ് നിർമ്മിച്ചത്.
ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ പുനർനിർമ്മാണം നടക്കുന്ന ക്ഷേത്രത്തിലേക്കുള്ള റോഡ്, വൈദ്യുതി എന്നിവക്ക് ഇതോടെ പരിഹാരമായി.
സൗജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമകളെ അധികൃതർ അഭിനന്ദിച്ചു.