സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈര്‍ അലിക്ക് നാടുവിടേണ്ടി വന്നത് ഭരണത്തിന്റെ ധാര്‍ഷ്ട്യം ഒരു പാര്‍ട്ടിയേയും സര്‍ക്കാരിനെയും എത്രത്തോളം ജീര്‍ണതയില്‍ എത്തിച്ചുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സുബൈര്‍ അലിയെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പഞ്ചായത്ത് ഓഫീസില്‍ നിന്നും കണ്ടെടുത്ത സുബൈര്‍ അലിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം അംഗങ്ങള്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തി പ്രശ്നമുണ്ടായിക്കിരുന്നുവെന്നും കത്തിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്നത് വിചിത്രമാണ്. സര്‍ക്കാരിന്റെ അറിവോടെയാണോ പാര്‍ട്ടി നേതാക്കള്‍ പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലയില്‍ നിന്നുള്ള മന്ത്രിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവമാണ് നെന്മാറയില്‍ നടക്കുന്നത്. അധികാരത്തുടര്‍ച്ചയുടെ അഹങ്കാരം തലയ്ക്കു പിടിച്ച സി.പി.എമ്മും രണ്ടാം പിണറായി സര്‍ക്കാരും സംസ്ഥാനത്ത് സെല്‍ ഭരണമാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി സെന്ററുകളാക്കി ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യം സി.പി.എം നേതാക്കള്‍ തന്നെ സൃഷ്ടിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് അനുവദിച്ച് കൊടുക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സുബൈര്‍ അലിയെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരിനും തദ്ദേശ വകുപ്പിനും ബാധ്യതയുണ്ട്. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസും തയാറാകണം. ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിക്കാണ് സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ സംരക്ഷണമൊരുക്കാന്‍ യു.ഡി.എഫിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.