X

മാലിന്യ സംസ്‌കരണ കോണ്‍ക്ലേവിന് തദ്ദേശ വകുപ്പ് ചെലവഴിച്ചത് ലക്ഷങ്ങള്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും അതേതുടര്‍ന്നുള്ള വിഷപ്പുകയും അണയ്ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ കോണ്‍ക്ലേവും ചര്‍ച്ചയാവുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്കുള്ള ഭൂരിഭാഗം തുകയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവകാശപ്പെട്ടത്. എന്നാല്‍ ആരൊക്കെയാണ് സ്‌പോണ്‍സര്‍മാര്‍ എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ത്യയ്ക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ സംസ്‌കരണ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ സംസ്‌കരണ-സംവിധാനങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിച്ച് പൊതുഅവബോധം വളര്‍ത്തുന്നതിനും അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമായി തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ 250 രൂപയോളം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പൊതുജന പങ്കാളിത്തം വളരെ കുറവായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് 100 രൂപ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ചുരുങ്ങിയത് പത്ത് പ്രതിനിധികളെയെങ്കിലും കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ പങ്കാളിത്തവും എക്‌സ്‌പോയി ലുണ്ടായിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ ഇപ്പോഴും മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. മാലിന്യ സംസ്‌ക്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്.

webdesk11: