ദോഹ: ഇത് വരെ അന്യം നിന്ന ആ വലിയ കിരീടത്തില്‍ മുത്തമിട്ടതോടെ ലിയോ മെസിയെന്ന താരം ഇതിഹാസ തുല്യനാവുന്നു. പെലെക്കും മറഡോണക്കുമൊപ്പം ഇനി ഈ റൊസാരിയോയുടെ ഈ താരവും ഫുട്‌ബോള്‍ വീരഗാഥകളില്‍ നിറയും. കോപ്പ കിരീടം, ഫൈനലിസിമ ഇതാ നിറമുള്ള കരിയറിന്റെ അവസാനത്തില്‍ ലോകകപ്പും. 35കാരനിത് അഞ്ചാമത് ലോകകപ്പാണ്. 2014 ലെ ലോകകപ്പില്‍ മെസി നയിച്ച സംഘം ഫൈനലിലെത്തിയിരുന്നു. അന്ന് പക്ഷേ അധികസമയ ഗോളില്‍ ജര്‍മനിയോട് പരാജയപ്പെട്ടു.
ഇതോടെ വിമര്‍ശകര്‍ രംഗത്തിറങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഇതേ ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. ഖത്തറിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. അതും സഊദി അറേബ്യയോട്. അതോടെ ആദ്യറൗണ്ടില്‍ തന്നെ ടീം പുറത്താവുമെന്ന അവസ്ഥ. പക്ഷേ മെസി അപാരഫോമിലേക്കുയര്‍ന്ന ലുസൈല്‍ മല്‍സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി ജീവന്‍ നീട്ടിയെടുത്തു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പോളണ്ടിനെയും തരിപ്പണമാക്കി. നോക്കൗട്ടിലെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാരെ. ഷൂട്ടൗട്ട് വരെ ആശങ്ക പടര്‍ത്തിയ ക്വാര്‍ട്ടര്‍ അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി. സെമിഫൈനല്‍ ക്രൊയേഷ്യക്കെതിരെ ഏകപക്ഷിയമായിതുന്നു. മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം. ഫൈനലില്‍ ഫ്രാന്‍സിനെതിരെ ആവേശത്തിന്റെ മുള്‍മുനയില്‍ ഗംഭീര വിജയം. രണ്ട് ഗോളുകള്‍ മെസിയുടെ വക. ആദ്യം പെനാല്‍ട്ടി ഗോള്‍. അധിക സമയത്ത് വിജയഗോള്‍.
പക്ഷേ കളി ഷുട്ടൗട്ടിലേക്ക് പോയപ്പോഴും നായകന് പിഴചില്ല.ഖത്തറില്‍ മെസി നേടിയത് ആകെ എട്ട് ഗോളുകള്‍. കൂടുതല്‍ അസിസ്റ്റുകള്‍. അങ്ങനെ ഖത്തറിന്റെ, ലോകത്തിന്റെ പ്രിയപ്പെട്ട താരം. ഫൈനലിലും ഗോള്‍ നേടിയതോടെ അര്‍ജന്റീന നായകനെ തേടി മറ്റൊരു റെക്കോഡും എത്തി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫഐനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. 26 മത്സരങ്ങളാണ് മെസി കളിച്ചത്. 25 മത്സരങ്ങള്‍ കളിച്ച മുന്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ലോഥര്‍ മത്തേവൂസിന്റെ റെക്കോഡാണ് മെസി മറികടന്നത്. നേരത്തേ ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനലിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന മത്തേവൂസിന്റെ റെക്കോഡിനൊപ്പം മെസിയെത്തിയത്. ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ മെസിയുടെ ലോകകപ്പ് ഗോള്‍ സമ്പാദ്യം 13 ആയി. അസിസ്റ്റ് അടക്കം 21 ഗോളുകള്‍ക്ക് അവസരം സൃഷ്ടിച്ചു. 1966നു ശേഷം ഒരു കളിക്കാരന്‍ ഇത്രയും ഗോളുകള്‍ക്ക് കാരണമാകുന്നത് ആദ്യമായാണ്.