X

ജീര്‍ണതയുടെ പര്യായമായി ഇടതുപക്ഷം

കോടികള്‍ നല്‍കി മറ്റുപാര്‍ട്ടികളിലുള്ള ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കാന്‍ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളവും സാക്ഷിയായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതും സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ഫാസിസ്റ്റ് ബാന്ധവത്തിനുള്ള മറ്റൊരുതെളിവുകൂടിയായി മാറിയിരിക്കുകയുമാണ്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞു മോന്‍ (ആര്‍.എസ്.പി ലെനിനിസ്റ്റ്) എന്നിവര്‍ക്ക് 50 കോടി വിതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തുവെന്ന ആരോപണം ആന്റണി രാജു സ്ഥിരീകരിച്ചിരിക്കുകയും ചെയ്തു. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവെച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം നല്‍കാമെന്നും തോമസ് പറഞ്ഞതായാണ് ആന്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചത്. കോവൂര്‍ കുഞ്ഞുമോന്‍ പക്ഷേ കാര്യങ്ങളെല്ലാം അപ്പാടെ മറന്നുപോയിട്ടുണ്ട്.

സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ആരോപണങ്ങള്‍ക്ക് കരുത്തും പിന്‍ബലവും നല്‍കുന്നതാണ്. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ അദ്ദേഹം എന്‍.സി.പിയുടെ സംസ്ഥാന ദേശീയ നേത്യത്വങ്ങള്‍ മുഖംതിരിച്ച സമയമായിരുന്നു അത്. ദേശീയ തലത്തിലാകട്ടെ ശരദ് പവാറും അജിത് പവാറും പിളര്‍പ്പിനെ തുടര്‍ന്ന് പേരും ചിഹ്നവും സ്വന്തമാക്കാന്‍ മഹാരാഷ്ട്രക്കു പുറമെ വിവിധ സംസ്ഥാനങ്ങളിലും എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് നിയമസഭകളില്‍ പ്രാതിനിധ്യമുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു. അജിത് പവാര്‍ കേരളത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് നില വിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒട്ടും അതിശയോക്തിപരമല്ല. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വവുമായി തുറന്ന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയും ബി.ജെ.പി നേത്യത്വം സര്‍ക്കാറിന്റെ അറിവോടും സമ്മതത്തോടും കൂടി കോരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ കുതിരക്കച്ചവടത്തിന് കേരളത്തെക്കാള്‍ സൗകര്യപ്രദമായ മറ്റേത് ഇടവും അദ്ദേഹത്തിനു മുന്നില്‍ നിലവിലുണ്ടായിരുന്നില്ല. മാത്രവുമല്ല, കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിന്റെ സംസ്ഥാന ഘടകം മന്ത്രിസഭയില്‍ ഒരു പോറലുമേല്‍ക്കാതെ വിലസിക്കൊണ്ടിരിക്കുന്നതും രാജ്യമൊന്നാകെ ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്രയും ഗൗരവതരമായ വിഷയം അറിഞ്ഞിട്ടും അര്‍ഥ ഗര്‍ഭമായ മൗനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിച്ചതെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാ ണ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെത്തിയ തോമസിനോടും എന്‍.സി.പി നേത്യത്വത്തോടും കാര്യങ്ങള്‍ സൂചിപ്പിച്ച അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയേറ്റിലോ മുന്നണി യോഗത്തിലോ ഗൗരവതരമായി വിഷയിഭവിപ്പിക്കാന്‍ തയാറായില്ല. തൃശൂര്‍ പൂരം കലക്കാന്‍ സംഘ്പരിവാര്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് വെടിക്കെട്ട് അല്‍പംവൈകി എന്നതൊഴിച്ചാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച അതേ ലാഘവത്തോടെയാണ് ഈ വിഷയത്തെയും അദ്ദേഹം സമീപിച്ചത്. സംഘപരിവാരം പ്രതി ചേര്‍ക്കപ്പെടുകയോ പ്രതിരോധത്തിലാവുകയോ ചെയ്യുന്ന എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ പ്രതികരണവും പ്രവര്‍ത്തനങ്ങളും സമാന രീ തിയിലാണെന്നത് കേരളം നിരന്തരം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

ഈ കോലാഹങ്ങളൊക്കെ ഉയര്‍ന്നുവന്നിട്ടും സി.പി.എം പാര്‍ട്ടിയും ഇടതുപക്ഷ മുന്നണിയും മൗനത്തിന്റെ മഹാ മാളത്തില്‍ അഭയം പ്രാപിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെങ്കില്‍ പോലും ആര്‍.എസ്.എസ്് എന്നു കേള്‍ക്കുമ്പോഴേക്കും കയറുപൊട്ടിക്കുന്ന ഇവര്‍ക്ക് ഇത്ര മേല്‍ മൗനികളാകേണ്ടിവന്നത് ആ സംവിധാനങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന ജീര്‍ണതയുടെ മറച്ചുപിടിക്കാനാവാത്ത തെളിവാണ്. എല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുകയും മുഖ്യമന്ത്രി ആര്‍.എസ്.എസിന്റെ ആലയത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുമ്പോള്‍ സഖ്യകക്ഷികളോരോന്നും സ്വന്തം ലാവണങ്ങള്‍ തേടിപ്പോവുകയാണ്. ഏതുവിധത്തിലും അധികാരം നിലനിര്‍ത്തുകയെന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് പാര്‍ട്ടിയെയും മുന്നണിയെയും മുഖ്യമന്ത്രി കുപ്പുകുത്തിച്ചപ്പോള്‍ പേരിനുപോലും ഈ സഖ്യം ഇടതുപക്ഷമല്ലാതായി മാറുകയും പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വിനറുമെല്ലാം നോക്കുകുത്തികളായിത്തീര്‍ന്നിരിക്കുകയുമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാറിലായാലും മുന്നണിയിലായും സംഘപരിവാര്‍ ശക്തികള്‍ സൈ്വര വിഹാരം നടത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ മുഖത്തുനില്‍ക്കുമ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ കോഴ ആരോപണവും അതിനോട് മുഖ്യമന്ത്രിയും സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന നിസംഗ സമീപനവും പ്രതിപക്ഷം ആരോപിക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ്.

 

webdesk17: