കല്‍പ്പറ്റ: കറുത്ത പൊന്നിന്റെ നാടായ വയനാട്ടില്‍ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ഇലകള്‍ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ്. വന്‍ രോഗബാധയാണ് വയനാട്ടില്‍ വ്യാപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള എട്ട് ലക്ഷത്തോളം കുരുമുളക് വള്ളികളും 1252 ഹെക്ടര്‍ സ്ഥലത്തെ പതിമൂന്ന് ലക്ഷം തൈ കൊടികളും നശിച്ചതായി കണക്കാക്കുന്നു. 1990ല്‍ 30660 ഹെക്ടര്‍ സ്ഥലത്ത് വയനാട്ടില്‍ കുരുമുളക് കൃഷിയുണ്ടായിരുന്നു. 2004ല്‍ 13978 ടണ്‍ ആയിരുന്നു വയനാട്ടില്‍ കറുത്ത പൊന്നിന്റെ ഉല്പാദനം. 2010ല്‍ ഇത് 2431 ടണ്‍ ആയും 2017 ല്‍ ഉല്പാദനം 1500 ടണ്‍ ആയും കുറഞ്ഞു.
രോഗബാധ വര്‍ദ്ധിച്ചതോടെ ഇത്തവണ വയനാടിന്റെ കുരുമുളക് ഉല്പാദനം ആയിരം ടണ്ണിലും കുറയുമെന്നാണ് ആശങ്ക. അങ്ങനെയാണങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്പാദന നഷ്ടമായിരിക്കും ഇത്തവണ ഉണ്ടാവുക. 2017-ലെ കണക്കനുസരിച്ച് 9600 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് വയനാട്ടില്‍ കുരുമുളക് കൃഷി. കുരമുളക് വള്ളികള്‍ക്കുള്ള രോഗബാധക്ക് മുമ്പേ താങ്ങുമരമായി മുരിക്കിന് വന്‍തോതില്‍ കീടബാധ ഉണ്ടാവുകയും താങ്ങുമരങ്ങള്‍ നശിക്കുകയാണുണ്ടായത്.
കുറഞ്ഞ ഉല്പാദന ക്ഷമത, നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്‌കരണ സംവിധാനങ്ങളുടെ പരിമിതി. സാങ്കേതിക ജ്ഞാന ക്കുറവ് തുടങ്ങിയവയാണ് കുരുമുളക് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍. ഇതിനിടെയാണ് പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റവും ഉണ്ടാകുന്നത്. പത്ത് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല്പത് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുരുമുളക് കൃഷിക്കാവശ്യമായ താപനില .ഇതില്‍ വലിയ വ്യത്യാസമുണ്ടായാല്‍ ഉല്പാദനത്തെ സാരമായി ബാധിക്കും. 125 സെന്റീമീറ്റര്‍ മുതല്‍ 200 സെന്റീമീറ്റര്‍ വരെയാണ് കുരുമുളക് കൃഷിക്ക് ആവശ്യമായ മഴ. മഴയുടെ ഈ തോത് കൂടിയാലും കുറഞ്ഞാലും പ്രതികൂലമായി ബാധിക്കും.
ഇത്തവണ മഴ കൂടിയതാണ് പ്രശ്‌നമായത്. ഇന്ത്യയില്‍ 2007-ല്‍ 2, 36,180 ഹെക്ടര്‍ സ്ഥലത്താണ് കുരുമുളക് കൃഷി ഉണ്ടായിരുന്നത്. 2002ല്‍ എന്‍പതിനായിരം ടണ്‍ ഉണ്ടായിരുന്ന ഉല്പാദനം 2008-ല്‍ അന്‍പതിനായിരം ടണ്‍ ആയി കുറഞ്ഞു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കുരുമുളക് ഉല്പാദനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ .