75 അഭിമാന വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫെയ്‌സ്ബുക്ക വഴിയാണ് അദ്ദേഹം ആശംസകള്‍ പങ്കുവെച്ചത്.
പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വര്‍ഷങ്ങള്‍ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. വലിയ വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യം. അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തില്‍ ഇടം നേടിയ കരുത്തരാണ് ലീഗിന്റെ മാര്‍ഗദര്‍ശികള്‍ .
മതേതരത്വ നിലപാടില്‍ അടിയുറച്ച് നിന്ന് വര്‍ഗീയതക്കെതിരെ ഏതറ്റം വരേയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും പച്ചതുരുത്തായി നില്‍ക്കുകയാണ് മുസ്ലിം ലീഗ്. പിന്നിട്ട 75 വര്‍ഷങ്ങളാണ് അതിന്റെ സാക്ഷ്യപത്രം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അനുകരണീയ മാതൃകയാണ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. അഭയമില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനുള്ള കാരുണ്യഭവനം പദ്ധതി, സി.എച്ച് സെന്ററുകള്‍, കെ.എം.സി.സി, സന്നദ്ധ സേവകരായ വൈറ്റ് ഗാര്‍ഡുകള്‍ അങ്ങനെ സമൂഹവുമായുള്ള ജൈവബന്ധം നിലനിര്‍ത്തുന്ന എത്രയെത്ര സേവനങ്ങള്‍. ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 17 ജോഡികളുടെ സമൂഹ വിവാഹത്തോടെയാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയില്‍ തുടങ്ങിയതും.
കോണ്‍ഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളര്‍ത്താന്‍ ശ്രമിച്ചവരെയെല്ലാം തകര്‍ത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളില്‍ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത. 75 അഭിമാന വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങള്‍.