X

ഐ.എന്‍.എല്‍ പിളര്‍പ്പില്‍ ഇടപെടാനാവാതെ എല്‍.ഡി.എഫ്

കോഴിക്കോട്: അധികാര വടംവലിയെ തുടര്‍ന്ന് തെരുവുയുദ്ധം വരെയെത്തിയ ഐ.എന്‍.എല്ലിലെ ഭിന്നത പൊട്ടിത്തെറിയിലെത്തിയിട്ടും ഇടപെടാനാവാതെ എല്‍.ഡി.എഫ്. മന്ത്രിസഭയിലെ ഒരംഗം തന്നെ പിളര്‍പ്പിന് ചുക്കാന്‍ പിടിച്ചതോടെ സംസ്ഥാന പ്രസിഡന്റിനെ കൊള്ളാനും തളളാനുമാവാതെ മുഖ്യമന്ത്രി പിണറായി വിജയനും കുഴങ്ങി. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനോടാണ് സി.പി.എമ്മിന് ഏറെ അടുപ്പം. എന്നാല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും ഔദ്യോഗിക പക്ഷത്തിന്റെ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് നിശ്ചയിച്ച കാലാവധിയായ രണ്ടര വര്‍ഷത്തിന് മുമ്പ് ഒഴിവാക്കാനും തരമില്ലാത്തതാണ് നേതാക്കളുടെ മാത്രം പാര്‍ട്ടിയായ ഐ.എന്‍.എല്‍ ഊരാക്കുടുക്കായത്.

അതേസമയം, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചില്ലെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ബോധിപ്പിച്ചതായി എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ട് നടത്തിവന്ന ഒത്തുതീര്‍പ്പു നീക്കം പാളിയതോടെയാണ് പിളര്‍പ്പ് പൂര്‍ണ്ണമായതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും ബി. ഹംസ ഹാജി കണ്‍വീനറുമായി രൂപീകരിച്ച ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തീരുമാനിച്ചതിന് പിന്നാലെ പിരിച്ചുവിട്ട കമ്മിറ്റിയിലെ പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് സ്വന്തം നിലക്കും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രഖ്യാപിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ.എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡന്റ് എം.എം മാഹീന്‍ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഏഴില്‍ എ.പി അബ്ദുല്‍ വഹാബ് ഒഴികെ ആറു പേരും അഹമ്മദ് ദേവര്‍കോവില്‍ പക്ഷക്കാരാണ്.

Test User: