X

കേരളത്തിലെ ക്രമസമാധാന സാഹചര്യം വളരെ പരിതാപകരം; കഴക്കൂട്ടത്ത് യുവതിക്കെതിരായ അതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്നും കഴക്കൂട്ടത്ത് യുവതിക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷന്‍ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

കേസ് സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് ഡിജിപിക്ക് വനിത കമ്മീഷന്‍ കത്ത് നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് 4 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

അതേസമയം, കഴക്കൂട്ടത്ത് ഗോഡൗണില്‍ യുവതി പീഡനത്തിരയായ സംഭവത്തില്‍ പ്രതി കിരണിനെ റിമാന്റ് ചെയ്തു. കിരണ്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, വസ്ത്രങ്ങളും, ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഒരു രാത്രി മുഴുവന്‍ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. പിന്നാലെ വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി നഗ്നയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു.

webdesk13: