നീറ്റ് പരീക്ഷക്കെതിരായ നിയമം നടപ്പിലാക്കുന്നത് വെറും വെള്ള പൂശല്‍ മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 70 ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
അഴിമതിയും വിദ്യാഭ്യാസ മാഫിയയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനും കുറ്റവാളികള്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന 2024 ലെ പൊതു പരീക്ഷാ നിയമം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കേന്ദ്രം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
എന്നാല്‍ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ നിയമത്തിന് ഈ വര്‍ഷം ഫെബ്രുവരി 13 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇത് അറിയിച്ചതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നിയമ നീതിന്യായ മന്ത്രാലയം ഇതുവരെ പുതിയ നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാത്ത സാഹചര്യത്തില്‍, നിയമം വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കള്ളം പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഖാര്‍ഗെ ചോദിച്ചു.
നീറ്റ് പരീക്ഷയില്‍ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ക്രമക്കേട് നടന്നുവെന്ന് സമ്മതിച്ചിട്ടും മോദി സര്‍ക്കാര്‍ എന്ത് കൊണ്ട് പരീക്ഷ വീണ്ടും നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഒമ്പത് ദിവസത്തിനുള്ളില്‍, എന്‍.ടി.എ മൂന്ന് പ്രധാന പരീക്ഷകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. നിയമം പാസാക്കിയതിന് ശേഷവും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡിന്റെ (യു.പി.പി.ആര്‍.പി.ബി) പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.