കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിഞ്ഞ ജനം ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത്തിന്റെ വാര്‍ത്തകള്‍ ശ്രീലങ്കയില്‍ നിന്ന് ഇപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ടിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും വരെ കൈയടക്കിയ ജനം ഒരു രാജ്യത്തിന്റെ തകര്‍ച്ചയുടെ ദയനീയ ചിത്രമാണ് ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. മിക്ക രാജ്യങ്ങള്‍ക്കു മുന്നിലും വില്ലനാകുന്നത് രാജ്യാന്തര വായ്പകള്‍ തന്നെയാണ്. താങ്ങാവുന്നതിലപ്പുറം വായ്പ വാങ്ങിക്കൂട്ടി ഒടുവില്‍ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നതില്‍ അര്‍ജന്റീനയും യുക്രെയ്‌നും തുണീഷ്യയും തൊട്ട് നമ്മുടെ അയല്‍ക്കാരായ പാകിസ്താന്‍ വരെയുണ്ട്.
അര്‍ജന്റീന
രാജ്യാന്തര കരിഞ്ചന്തയില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലാണ് അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോ വില്‍പ്പന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാള്‍ക്കുനാള്‍ മൂല്യമിടിയുന്ന കറന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020ല്‍ വായ്പാ പുനഃസംഘടനാ വേളയില്‍ ബോണ്ടുകള്‍ക്ക് ഉണ്ടായിരുന്ന വില ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ 2024 വരെ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് പോലും ഡീഗോ മാറഡോണയുടേയും ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍ക്കുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. കരുത്തനായ ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്‌നറിലാണ് അര്‍ജന്റീനക്കാരുടെ പ്രതീക്ഷ മുഴുവന്‍.
യുക്രെയ്ന്‍
നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന യുക്രെയ്‌ന് കൂനിന്മേല്‍ കുരുവായി മാറിയത് റഷ്യന്‍ അധിനിവേശമാണ്. യുദ്ധച്ചെലവ് കൂടിയായതോടെ രാജ്യം പാപ്പരാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍. 20 ബില്യണ്‍ (2000 കോടി) ഡോളറിന്റെ വായ്പയാണ് യുക്രെയ്‌ന് അടിയന്തരമായി പുനഃസംഘടിപ്പിക്കാനുള്ളത്. ഇതില്‍ 120 കോടി ഡോളര്‍ വായ്പയുടെ കാലാവധി ഈ സെപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
തുണീഷ്യ
ഒരു പിടി രാജ്യങ്ങളാണ് ആഫ്രിക്കയില്‍ പ്രതിസന്ധി മുഖത്തുള്ളത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മുല്ലപ്പു വിപ്ലവത്തിലൂടെ അധികാരമാറ്റത്തിന് വഴിയൊരുങ്ങിയ തുണീഷ്യ. 10 ശതമാനമാണ് ഈ രാജ്യത്തിന്റെ ബജറ്റ് കമ്മി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ വരുന്ന വലിയ ബാധ്യതയാണ് രാജ്യത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവു വീഴ്ചയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് തുണീഷ്യയെന്നാണ് മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.
ഘാന
തൂണീഷ്യയുടെ പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് ഘാന. ഈ രാജ്യത്തിന്റെ ജി.ഡി.പി – വായ്പാ റേഷ്യോ ഏകദേശം 85 ശതമാനമാണ്. നികുതി വരുമാനത്തിന്റെ പകുതിയില്‍ അധികവും വിവിധ ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ച വായ്പയുടെ പലിശ നല്‍കാന്‍ മാത്രം ചെലവിടേണ്ട സ്ഥിതി. വിലപ്പെരുപ്പം 30 ശതമാനം കവിഞ്ഞിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിലൂടെ അധിക കാലം ഘാനക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈജിപ്ത്
ജി.ഡി.പിയുടെ 95 ശതമാനത്തിനു തുല്യമാണ് നിലവില്‍ ഈജിപ്തിന്റെ വായ്പാ ബാധ്യത. വായ്പാ തിരിച്ചടവുകളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വീഴ്ച വരുത്താന്‍ ഇടയുള്ള രാജ്യമായാണ് ഈജിപ്തിനെ രാജ്യാന്തര ഏജന്‍സിയായ ജെ.പി മോര്‍ഗാന്‍ വിശേഷിപ്പിക്കുന്നത്. 1100 കോടി ഡോളര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വായ്പാ തിരിച്ചടവിനു മാത്രം 10,000 കോടി ഡോളര്‍ വേണം. 303 കോടി ഡോളര്‍ ബോണ്ട് ഫണ്ട് ഇനത്തിലും കണ്ടെത്തണ
പാകിസ്താന്‍
അഞ്ച് ആഴ്ചത്തേക്കുള്ള ഇറക്കുമതി ചെലവിന് തുല്യമായ തുക മാത്രമാണ് പാകിസ്താന്റെ നിലവിലെ വിദേശ കരുതല്‍ ശേഖരമെന്നാണ് കണക്ക് (9.8 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വായ്പകളുടെ പലിശ തിരിച്ചടവിന് പണം കണ്ടെത്താന്‍ 40 ശതമാനം പൊതുചിലവുകള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്‍സാല്‍വദോര്‍, ബെലാറസ്, ഇക്വഡോര്‍, നൈജീരിയ എന്നിവയാണ് പ്രതിസന്ധി മുഖത്തു നില്‍ക്കുന്ന ഒരു ഡസന്‍ രാജ്യങ്ങളില്‍ മറ്റുള്ളവ.