മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റ പൂക്കടയ്ക്കെതിരെ നടപടി സ്വീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുല്ലപ്പൂമാല മുഴം കണക്കില്‍ വിറ്റതിന് 2,000 രൂപയാണ് പിഴയിട്ടത്.
സാധാരണ മുഴം അളവിലാണ് മല്ലപ്പൂ വില്പന നടത്തുന്നതും ആവശ്യക്കാര്‍ വാങ്ങുന്നതും. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നത്.
മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം എന്നും അധികൃതര്‍. മുല്ലപ്പൂ മുഴം കണക്കില്‍ വില്പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നുവെന്നതാണ് നടപടിയെടുക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വരും ദിവസങ്ങളില്‍ പരിശോധന തുടരാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥര്‍.