ദുബൈ: കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രവാസി നിയന്ത്രണം മാത്രമാക്കി മാറ്റരുതെന്ന് യു.എ.ഇ കെ.എം.സി.സി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകളില്‍ ആകെയുള്ളത് പ്രവാസികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം മാത്രമാണ്. പ്രവാസികള്‍ക്കു മാത്രം നിരന്തരം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിനു തുല്യമാണ്. സ്വകാര്യ ലാബുകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറരുത്. പുതുതായി കൊണ്ടുവരുന്ന നിബന്ധനകള്‍ പ്രയോഗത്തില്‍ വരുമ്പോഴാണ് ഇതിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുക. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെ.എം.സി.സിയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാനും ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹയും, ട്രഷറര്‍ നിസാര്‍ തളങ്കരയും വ്യക്തമാക്കി.
യു.എ.യില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവരാണ്. കോവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു എന്നത് എല്ലാവര്‍ക്കും ബാധകമായ ലോകസത്യമാണ്. യു.എ.ഇയില്‍ നിന്നു വരുന്നവര്‍ക്ക് കൂടുതല്‍ നിബന്ധനകള്‍ എന്നതും ശരിയായ സമീപനമല്ല. കൊറോണ ഇപ്പോള്‍ ആരെങ്കിലും പുറത്തുനിന്ന് കൊണ്ടുവരുന്ന അണു അല്ല. ഓരോ നാട്ടിലും അതിന്റെ വകഭേദങ്ങള്‍ സ്വയം രൂപപ്പെടുകയാണ്. അതുകൊണ്ട് പ്രതിരോധവും ജാഗ്രതയും നിയന്ത്രണവും എല്ലാവര്‍ക്കും എല്ലായിടത്തും ആവശ്യമാണ്. അതില്‍ ഏതെങ്കിലും രാജ്യത്തുനിന്നും വരുന്ന പൗരന്മാരെ മാത്രം വേര്‍തിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും മൂവരും വിശദീകരിച്ചു.