പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ സംശയങ്ങള്‍ പലതും മുള പൊട്ടുക സ്വാഭാവികമാണ്. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങളോ സാമൂഹിക ക്ഷേമമോ അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും പ്രഖ്യാപനങ്ങളെയും സ്വാധീനിക്കാറില്ല. പകരം സങ്കുചിത ചിന്തകളാണ് അദ്ദേഹത്തെ നിയന്ത്രിക്കാറുള്ളതെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. 2016 നവംബര്‍ എട്ടിന് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുമ്പോള്‍ മോദി പറഞ്ഞത് തീവ്രവാദികള്‍ക്കുള്ള ഫണ്ട് തടയാനാണെന്നായിരുന്നു. പക്ഷെ, സംഭവിച്ചത് മറ്റൊന്നാണ്. 99.3 ശതമാനം നോട്ടുകളും തിരികെയെത്തി. സമ്പദ്ഘടന പാടെ തകര്‍ന്നു. നോട്ട് നിരോധനത്തിന്റെ ക്ഷീണത്തില്‍നിന്ന് ഇനിയും സമ്പദ്ഘടന വിട്ടകന്നിട്ടില്ല. ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പിടിയില്‍ രാജ്യം ഉലയുമ്പോള്‍ മോദി മനസില്‍ കണ്ടത് എന്താണെന്ന ചോദ്യം പ്രസക്തമാണ്.
ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുമ്പോള്‍ അദ്ദേഹത്തിന് ലവലേശം ചാഞ്ചല്യമില്ല. ഇന്ത്യന്‍ അടുക്കളകള്‍ പൂട്ടിച്ച് പാചകവാതക വില ആയിരവും കടന്നിരിക്കുന്നു. ജനങ്ങള്‍ ഇത്രയൊക്കെ പൊറുതിമുട്ടിയിട്ടും കേന്ദ്രം എന്തേ അനങ്ങാത്തതെന്ന് ചോദിച്ചാല്‍ തീവ്രവാദികള്‍ പട്ടിണി കിടന്ന് മരിക്കാനാണെന്നായിരിക്കും മോദിയുടെ മറുപടി. അതു കേട്ട് സായൂജ്യമടയാനും രാജ്യത്ത് ആളുണ്ടാകും. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത്. നോട്ട് നിരോധിച്ചും ജി.എസ്.ടി അടിച്ചേല്‍പ്പിച്ചും സമ്പദ്ഘടനയെ കുത്തുപാള എടുപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയത് എന്തുകൊണ്ടെന്ന് ചിലപ്പോള്‍ ബി.ജെ.പി തന്നെ അത്ഭുതപ്പെടുന്നുണ്ടാകും.
ജനങ്ങളുടെ പ്രതികരണശേഷി എത്രമാത്രമുണ്ടെന്ന് സര്‍ക്കാര്‍ അളന്നുകഴിഞ്ഞു. കാഴ്ചക്കാര്‍ വര്‍ദ്ധിക്കുകയും ഇടപെടാന്‍ ആളില്ലാതാവുകയും ചെയ്യുന്നത് ഏതൊരു ഭരണകൂടത്തിനും ആത്മസുഖം നല്‍കും. അത് വിദഗ്ധമായി മുതലെടുത്ത് മുന്നോട്ടുപോകുന്നിടത്താണ് ഒരു ജനദ്രോഹ ഭരണകൂടത്തിന്റെ വിജയം. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലെന്ന് അധികാരത്തിലിരിക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. ഒരു കാലത്ത് വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന രാജ്യത്തെ പിടിച്ചുകുലുക്കിയ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ ദിനംപ്രതിയുണ്ടാകുന്ന വിലക്കയറ്റം ആരെയും അസ്വസ്ഥരാക്കുന്നില്ല. പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി കോവിഡിന്റെ മറവില്‍ തന്ത്രപരമായി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാറിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ജനങ്ങളെ വഞ്ചിക്കുന്ന രൂപത്തിലായിരുന്നു. സാധാരണക്കാരെ വലിയ സാമ്പത്തിക ദുരിതങ്ങളിലേക്ക് തള്ളി ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളയില്‍ വില കൂട്ടി. മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നാല് മാസത്തിനിടെ 100 രൂപയുടെ വര്‍ദ്ധനയുണ്ടായി.
ജനരോഷം ഭയന്ന് ഭരണകൂടങ്ങള്‍ തൊടാന്‍ മടിക്കുന്ന ഇന്ധന വിലകള്‍ മോദി സര്‍ക്കാര്‍ കണ്ണും മൂക്കുമില്ലാതെ ഉയര്‍ത്തുകയാണ്. രാഷ്ട്രീയ സ്വാര്‍ത്ഥ താല്‍പര്യങ്ങളോടെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങളൊക്കെയും. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ വില കൂട്ടാതിരിക്കാന്‍ മോദി ശ്രദ്ധ വെച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും വര്‍ദ്ധിപ്പിച്ചു തുടങ്ങി. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞതാണ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. യു.പി.എ ഭരണകാലത്ത് ക്രൂഡ് വില ഗണ്യമായി ഉയര്‍ന്നപ്പോഴും സബ്‌സിഡി അനുവദിച്ചിരുന്നു. 827 രൂപ സബ്‌സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ സാധാരണക്കാരിന്റെ അടുക്കളയില്‍ പാചകവാതകം എത്തിച്ചിരുന്നത്. അന്ന് സിലിണ്ടര്‍ വില 414 രൂപയായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ പൊറുതിമുട്ടുകയാണ്. അവരുടെ ദുരിതങ്ങള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി ഒളിച്ചോടാനുള്ള പതിവ് അടവുകള്‍ മോദി ഇക്കാര്യത്തിലും പുറത്തെടുക്കുന്നുണ്ട്. സംസ്ഥനങ്ങള്‍ നികുതി കുറയ്ക്കാത്തതുകൊണ്ടാണ് ഇന്ധന വില ഉയരുന്നതെന്ന് അദ്ദേഹം പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം അന്തിച്ചു നില്‍ക്കുമ്പോഴും വര്‍ഗീയത വിളമ്പി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളും സജീവമാണ്. ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നതും പൗരത്വ നിയമത്തിന്റെ ഉമ്മാക്കി കാട്ടി അമിത് ഷാ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളുമെല്ലാം ചിലര്‍ക്കൊക്കെ താരാട്ടായി തോന്നുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. പക്ഷെ, സമൂഹത്തെ ഭിന്നിപ്പിച്ചും വിദ്വേഷ പ്രചാരണം നടത്തിയും അധിക കാലം മുന്നോട്ടു പോകാനാവില്ലെന്ന വലിയ പാഠമാണ് ശ്രീലങ്ക നല്‍കുന്നത്. പട്ടിണിയില്‍ പൊരിയുന്ന വയറുകള്‍ക്ക് ഭരണകൂടം മറുപടി കൊടുക്കേണ്ടിവരും.