അനീഷ് ചാലിയാര്‍
ബന്ധു നിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ വാഴുന്നില്ല. മൂന്ന് വര്‍ഷത്തിനിടയില്‍ നിയമനത്തിനായി വീണ്ടും വിജ്ഞാപനമിറക്കി. നിലവില്‍ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ജോണ്‍ ജോണ്‍ ആണ് ജനറല്‍ മാനേജര്‍.
കഴിഞ്ഞ ദിവസമാണ് ചില പത്ര മാധ്യമങ്ങളില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി പരസ്യം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 12ന് ഇറങ്ങിയ വിജ്ഞാപനത്തില്‍ ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിവരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം നല്‍കിയിരിക്കുന്നത് . ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. ഇത് തുടര്‍ച്ചയായി അഞ്ച് വര്‍ഷം വരെ നീട്ടിക്കൊണ്ടു പോകാം. എന്നാല്‍ 2018ന് ശേഷം ജി.എമ്മിന്റെ കസേരയില്‍ ആര്‍ക്കും തുടര്‍ച്ചയില്ലെന്നതാണ് സ്ഥിതി.
മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് വിവാദമായതോടെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനും ജനറല്‍ മാനേജര്‍ തസ്തികയും വാര്‍ത്തകളില്‍ നിറഞ്ഞത്. മന്ത്രിയുടെ സ്വജനപക്ഷാപാതം പുറത്തായതോടെ അദീബ് രാജിവെക്കുകയും ചെയ്തിരുന്നു.
ലോകായുക്തവിധിയില്‍ പുറത്തുപോകേണ്ടി വരുമെന്ന ഭയത്തില്‍ ഭരണകാലവധി തീരുന്നതിന് തൊട്ടു മുമ്പ് കെ.ടി ജലീലിന് രാജിവെച്ചൊഴിയേണ്ട ഗതിയും വന്നു. ഇതിന് ശേഷം കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ അനീഷയായിരുന്നു ജി.എം. എം.ഡിയുമായും ചെയര്‍മാനുമായും പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഇവര്‍ ഡെപ്യൂട്ടേഷന്‍ മതിയാക്കി സ്വന്തം സ്ഥാപനത്തിലേക്ക് തന്നെ മടങ്ങി.
ഇതിനുശേഷം തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും വന്ന ജോണ്‍ ജോണ്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് സ്ഥാനമൊഴിയാനിരിക്കയാണെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് വീണ്ടും നിയമനത്തിന് വിജ്ഞാപനമിറക്കിയത്. നിലവിലെ ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിയാനൊരുങ്ങുന്നതും ചെയര്‍മാനും എം.ഡിയുമായുള്ള നീരസമാണ് കാരണമെന്നാണ് വിവരം. ജലീല്‍ മന്ത്രിയായിരിക്കെ കെ.എസ്.എം.ഡി.എഫ്.സി ജനറര്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ഇതുപ്രകാരം അഭിമുഖവും നടത്തി. ഈ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നിട്ടും അദീബിനെ 2018 ഒക്ടോബറില്‍ ജനറല്‍ മാനേജാരായി നിയമിക്കുകയായിരുന്നു.
നിയമന വിജ്ഞാപനം പുറത്തിറക്കി
പുതിയ ജി.എമ്മിനും അദീബിന്റെ യോഗ്യത
കെ.എസ്.എം.ഡി.എഫ്.സി ജി.എം തസ്തികയിലേക്കുള്ള പുതിയ നിയമന വിജ്ഞാപനത്തിലും കെ.ടി ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത. കഴിഞ്ഞ പന്ത്രണ്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും കെ.ടി അദീബിന്റെ യോഗ്യതയായ ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ ഉണ്ട്. എം.ബി.എ മാര്‍ക്കറ്റിങ് ആന്റ് ഫിനാന്‍സ്, എച്ച്.ആര്‍/സി.എസ്/, സി.എം.എ മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മുന്‍പരിചയവുമാണ് ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത.
ഈ യോഗ്യതക്കൊപ്പം ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ കൂടി ചേര്‍ത്ത് 2016 ല്‍ യോഗ്യതാ മാനദണ്ഡം തിരുത്തിയാണ് കെ.ടി ജലീല്‍ ബന്ധു നിയമനത്തിന് കളമൊരുക്കിയത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, കോര്‍പറേഷന്‍ ജീവനക്കാര്‍ക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ യോഗ്യരായവരെ തഴഞ്ഞായിരന്നു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്തിരുന്ന കെ.ടി അദീബിനെ നിയമനം. ബിടെക്കിനൊപ്പമുള്ള പി.ജി.ഡി. ബി.എക്ക് കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമില്ല. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് സ്വജനപക്ഷാപാതം പുറത്ത് കൊണ്ടുവന്നത്.