കോഴിക്കോട്: മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് തെളിവ് സമര്‍പ്പിക്കാന്‍ യൂത്ത് ലീഗ് നാളെ ജില്ല തലത്തില്‍ കൗണ്ടറുകള്‍ വെക്കും. സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ആണ് ജില്ലാതലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വെക്കുന്നത്. തെളിവ് നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മഹിതമായ മതേതര പാരമ്പര്യത്തിന് കളങ്കപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് സിനിമയിലൂടെ സംഘ് പരിവാര്‍ നടത്തിയത്ത്. ജില്ല തലത്തില്‍ ഒരുക്കുന്ന ഓരോ കൗണ്ടറുകളും മതേതര ജനാധിപത്യ കൂട്ടായ്മയായ് മാറും.
രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ് പരിവാറിന്റെ പിന്തുണയോടെ ഇറങ്ങുന്ന ദി കേരള സ്റ്റോറി എന്ന സിനിമയാണ് 32000 പേര് മതം മാറി സിറിയയിലേക്ക് കേരളത്തില്‍ നിന്ന് പോയെന്ന വ്യാജം ആരോപണം ഉന്നയിച്ചത്. യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഈ സിനിമയുടെ ചിത്രീകരണം എന്ന വാദവും ഉന്നയിക്കുകയുണ്ടായി. വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സിനിമ ഇറക്കുന്നത്. സംഘ് പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഈ വ്യാജ ആരോപണത്തിന് മറുപടി ആയിട്ട് കൂടിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്.
തെളിവുകള്‍ നല്‍കുന്നതിനായി ജില്ല തലത്തില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സജ്ജമായിരിക്കും.കാസറഗോഡ് ജില്ല കമ്മിറ്റിയുടെ കൗണ്ടര്‍ എം. ജി റോഡിലും, കണ്ണൂരില്‍ കാല്‍ടെക്‌സ് കെ. എസ്. ആര്‍. ടി. സി ബസ്റ്റാന്റ് മുന്‍വശത്തും, വയനാട്ടില്‍ കല്പറ്റയിലെ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ പരിസരത്തും, കോഴിക്കോട് ബീച്ചിലും, മലപ്പുറത്ത് കളക്ടറേറ്റ് പരിസരത്തും, പാലക്കാട് കോട്ടമൈതാനത്തും, തൃശൂരില്‍ കളക്ടറേറ്റ് പരിസരത്തും, എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറിലും, ഇടുക്കിയില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നിലും, കോട്ടയത്ത് ഗാന്ധി തിരുനക്കര ഗാന്ധി സ്‌ക്വയറിലും, ആലപ്പുഴയില്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിലും, പത്തനംതിട്ടയില്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലും, കൊല്ലത്ത് ചിന്നക്കടയിലും, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പരിസരത്തും ആണ് കൗണ്ടറുകള്‍ സജ്ജീകരിക്കുന്നത്.