X

നുണക്കഥകളുടെ ‘കേരള സ്റ്റോറി’ : നാസിസത്തിൻ്റെ ഇന്ത്യൻ ആവിഷ്കാരം

ഷെരീഫ് സാഗർ

വേണ്ടത്ര വലിയ ഒരു നുണ പറയുകയും
അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ,
ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളും.
-ജോസഫ് ഗീബൽസ്

ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങൾ വേണം. അതിനു വേണ്ടിയുള്ള കഥയുണ്ടാക്കലായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന പണി. ജൂതരുടെ മനുഷ്യത്വം നിഷേധിക്കാനും അവരെ ബഹിഷ്‌ക്കരിക്കാനും പൊതുസ്ഥലങ്ങളിൽനിന്ന് ആട്ടിയോടിക്കാനുമുള്ള ഗൂഢപദ്ധതികൾ നിർമ്മിക്കപ്പെട്ടു. അവരെ അപരിഷ്‌കൃതരും പരാന്നഭോജികളും പെറ്റുകൂട്ടുന്നവരുമായി ചിത്രീകരിക്കുന്നത് പതിവാക്കി. ജൂതൻ വെറുക്കപ്പെടേണ്ടവനാണെന്ന പൊതുബോധം ആഴത്തിൽ വേരോടി. 1930കൾ മുതൽ ജൂത വിരുദ്ധ പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിക്കപ്പെട്ടു. ജൂത കച്ചവട കേന്ദ്രങ്ങളിൽ ”ജർമ്മൻകാർ ജാഗ്രത പാലിക്കുക, ഇവരെ ബഹിഷ്‌ക്കരിക്കുക” എന്നിങ്ങനെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് ജൂത ദേവാലയങ്ങൾ നശിപ്പിക്കുന്നതും ജൂതരെ അടിച്ചോടിക്കുന്നതും സ്വാഭാവിക സംഭവങ്ങളായി. കേട്ടാൽ കേട്ടവർ അവർക്കത് വേണമെന്ന മനോഭാവത്തിലായി. ഇങ്ങനെയൊക്കെയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ആദ്യഘട്ടങ്ങൾ.
വംശഹത്യക്ക് ന്യായങ്ങൾ കണ്ടെത്താനായി ഹിറ്റ്‌ലർ പ്രൊപ്പഗണ്ട മന്ത്രാലയം തന്നെയുണ്ടാക്കി. ജോസഫ് ഗീബൽസിനെ പ്രചാരണ തലവനാക്കി. വംശീയതയും വെറുപ്പും പ്രചരിപ്പിക്കാൻ ഫാസിസം ഉപയോഗിച്ച ഏറ്റവും മികച്ച ആയുധങ്ങളിലൊന്ന് സിനിമകളായിരുന്നു. ഹിറ്റ്‌ലറെ അമാനുഷനാക്കിയും ജൂതരെ വെറുക്കാൻ പഠിപ്പിച്ചും നിരവധി സിനിമകൾ പുറത്തിറങ്ങി. 1930ൽ നാസി പാർട്ടി ഒരു ഫിലിം ഡിപ്പാർട്‌മെന്റ് തന്നെ സ്ഥാപിച്ചു. നാസിസത്തെ പ്രൊമോട്ട് ചെയ്യുന്ന സിനിമകൾ പ്രചരിപ്പിക്കലായിരുന്നു ഫിലിം ഡിപ്പാർട്‌മെന്റിന്റെ ചുമതല. ഹിറ്റ്‌ലർക്ക് വേണ്ടി ധാരാളം ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടു.
സിനിമ ഒരു കിടിലൻ പ്രചാരണ മാധ്യമമാണെന്ന് തിരിച്ചറിഞ്ഞ നാസികൾ 1945 വരെ എഴുപതിലേറെ ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ 45 സിനിമകളും 1939 മുതലുള്ള യുദ്ധ സമയത്ത് പുറത്തിറങ്ങിയതാണ്. ചലച്ചിത്ര വ്യവസായത്തെ ഒന്നടങ്കം ദേശസാൽക്കരിച്ചുകൊണ്ടാണ് സിനിമയെ നാസിസം ഉപയോഗിച്ചത്. നാസി ജർമ്മനിയിൽ തിരക്കഥകൾ സെൻസർ ചെയ്യുകയും സിനിമാ നിരൂപണങ്ങൾ നിരോധിക്കുകയും ചെയ്തു. നാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിർമിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ വരെ നൽകി. അത്തരം സിനിമകൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിച്ചു.
ഒരു അഴുക്കുചാലിൽനിന്ന് എലികൾ ഉയർന്നുവരുന്ന ദൃശ്യത്തോടൊപ്പം തിരക്കേറിയ ജൂത തെരുവ് കാണിച്ചുകൊണ്ട് ജൂതരെയും എലികളെയും സമാനമായി അവതരിപ്പിക്കുന്നതാണ് ഒരു സിനിമയിലെ രംഗം. എലികൾ പ്ലേഗ് പരത്തുന്നത് പോലെ ജൂതർ രോഗം പരത്തുന്നവരാണെന്നും എലികളെ പോലെ തുരന്ന് തുരന്ന് നാശമുണ്ടാക്കുന്നവരാണ് ജൂതരെന്നും സിനിമ സമർത്ഥിക്കാൻ ശ്രമിക്കുന്നു. ജർമ്മനിയിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾ എന്നിവക്കെല്ലാം കാരണം ജൂതന്മാരാണെന്ന് വരുത്തി തീർക്കാനാണ് നാസിസം ശ്രമിച്ചത്. ജർമ്മനിയുടെ സംസ്‌കാരം നശിപ്പിക്കുന്ന അധഃപതിച്ചവരാണ് ജൂതരെന്ന് നിരന്തരം പ്രചരിപ്പിച്ചു. യഹൂദ മതാചാരങ്ങളെയും വിശ്വാസത്തെയും അവമതിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ നീണ്ട ഈ പ്രൊപ്പഗണ്ടകൾ കാരണമാണ് ഹിറ്റ്‌ലർക്ക് ജൂത വംശഹത്യ എളുപ്പമായത്.
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മറ്റൊരു രീതിയിൽ ഇന്ത്യൻ സാഹചര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഫാസിസം നടത്തിക്കൊണ്ടിരിക്കുന്ന പ്രൊപ്പഗണ്ടകളുടെ സ്വാഭാവിക സാമ്യം ബോധ്യപ്പെടാൻ ജർമ്മൻ നാസിസത്തെ മാത്രം പരിശോധിച്ചാൽ മതിയാകും. ‘ദി കേരള സ്റ്റോറി’ എന്ന ടൈറ്റിലിൽ ഒരു പ്രൊപ്പഗണ്ട സിനിമ കൂടി രാജ്യത്ത് വരികയാണ്. വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഒന്നായിരിക്കും ഈ സിനിമയെന്ന് ട്രെയിലറിൽനിന്ന് തന്നെ വ്യക്തമാണ്. ബി.ജെ.പിക്കാരനായ സുദീപ്‌തോ സെന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 32,000 പേരെ കേരളത്തിൽനിന്ന് മതം മാറ്റി ഭീകര സംഘടനയായ ഐ.എസിൽ ചേർത്തിട്ടുണ്ടെന്ന പച്ചനുണയാണ് ഈ സിനിമയുടെ ആകെത്തുക. താൻ പറയുന്ന കണക്കിന് തെളിവൊന്നുമില്ലെന്ന് സംവിധായകൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നെ എന്താണ് ഈ കണക്കിന്റെ ലക്ഷ്യം?. ഇന്ത്യയിലെ ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളത്തെ അവതരിപ്പിക്കുക മാത്രമാണ് ലക്ഷ്യം.
ലവ് ജിഹാദ് പ്രമേയമാക്കി സിനിമ ചിത്രീകരിക്കുന്നതിന് മുമ്പ് 2018 ഏപ്രിലിൽ ‘ഇൻ ദി നെയിം ഓഫ് ലവ്’ എന്ന പേരിൽ സുദീപ്‌തോ സെൻ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. പതിനേഴായിരം പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്നാണ് ഈ ഡോക്യുമെന്ററിയിൽ പറയുന്നത്. സിനിമയിലെത്തിയപ്പോൾ കണക്ക് ഇരട്ടിയായെന്ന് മാത്രം. കേരള സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങിയ ഉടനെ ബി.ജെ.പിയുടെ ദേശീയ ഐ.ടി വകുപ്പ് ചുമതല വഹിക്കുന്ന അമിത് മാളവ്യ പിന്തുണയുമായി രംഗത്ത് വന്നു. ബി.ജെ.പി നേതാക്കളെല്ലാം ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഈ ആവേശപ്രകടനത്തിന്റെ കാരണം വ്യക്തവുമാണ്.
സിനിമയിലെ നുണക്കഥകളെ സാധൂകരിക്കാൻ വസ്തുത എന്ന രീതിയിൽ അവതരിപ്പിക്കുന്നത് 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയാണ്. 20 വർഷങ്ങൾക്കകം കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ ഒരു സംഘം ശ്രമിക്കുന്നു എന്നായിരുന്നു വി.എസ്സിന്റെ പ്രസ്താവന. അതിനായി മതം മാറ്റം നടത്തുന്നു എന്നും ചെറുപ്പക്കാർക്ക് പണം ലഭിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വി.എസ് പറഞ്ഞ കണക്കനുസരിച്ച് കേരളം ഇസ്ലാമിക രാജ്യമായി മാറാൻ ഇനി ഇനി ഏഴ് കൊല്ലമാണ് ബാക്കിയുള്ളത്. ലൗ ജിഹാദ് ഉണ്ടെന്ന് വാദിക്കുന്നവരെല്ലാം ഏറെ കാലമായി നിരന്തരം ഉദ്ധരിക്കുന്നത് വി.എസ്സിനെയാണ്. സിനിമയിലെ നുണകൾക്ക് ബലമേകാൻ ഔദ്യോഗികമായി ആകെയുള്ള കച്ചിത്തുരുമ്പ് വി.എസ്സിന്റെ പ്രസ്താവന മാത്രമാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് ആ പ്രസ്താവന ഏൽപിച്ച പരിക്കാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം ഈ നിമിഷം വരെയും ഇക്കാര്യം തള്ളിപ്പറഞ്ഞിട്ടില്ല.
കേരളത്തിൽനിന്ന് 32,000 പെൺകുട്ടികളെ മതം മാറ്റി കൂട്ടത്തോടെ ഐ.എസ്സിൽ ചേർത്തു എന്ന കണക്ക് ഒരന്വേഷണവുമില്ലാതെ ആവർത്തിക്കുന്നത് പരമാവധി വിദ്വേഷം പെരുപ്പിക്കാനാണ് എന്നുറപ്പ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ കേരളത്തിലേക്കും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഈ സിനിമയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. സിനിമ വരുന്നതോടെ മുസ്‌ലിംകളോടുള്ള വെറുപ്പ് കൂടും. ഉത്തരേന്ത്യയിലെ മലയാളി വിദ്യാർത്ഥികളും യുവാക്കളും നിരന്തരമായി ആക്രമിക്കപ്പെട്ടേക്കാം. നിലവിൽ പല രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വെറുപ്പ് ഉൽപാദന ഫാക്ടറികൾക്ക് ഇതൊരു ആധികാരിക രേഖയാകും. കേരളത്തെ തകർക്കാനുള്ള പ്രൊപ്പഗണ്ടയാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിത്. കേരളത്തിന്റെ കഥ ഇതല്ലെന്ന് ഉറക്കെ പറയേണ്ട നേരമാണ്.

webdesk13: