എരുമേലി : ഓരോ ശ്വാസവും വിലപ്പെട്ട എരുമേലിയിലെ ലത്തീഷ അന്‍സാരിക്ക് ജീവവായു എത്തിച്ചുനല്‍കി ഫയര്‍ ഫോഴ്‌സ്. ഒപ്പം ഏത് അടിയന്തിര ഘട്ടത്തിലും വിളിച്ചാല്‍ വിളിപ്പുറത്ത് സഹായവുമായി ഓടിയെത്തുമെന്ന ഉറപ്പ് നല്‍കിയാണ് ഫയര്‍ ഫോഴ്‌സ് മടങ്ങിയത്.
ഹായ്, ഫ്രണ്ട്‌സ്, ഒരു സഹായം ചെയ്യാമോ… എന്ന് അഭ്യര്‍ത്ഥിച്ച് ഓക്‌സിജന്‍ കിട്ടുന്നതിനായി ലത്തീഷ അന്‍സാരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞ കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് ആവശ്യമായ സിലിണ്ടര്‍ ഓക്‌സിജന്‍ എത്തിച്ചു നല്‍കുകയായിരുന്നു. അസ്ഥികള്‍ പൊടിയുന്ന അപൂര്‍വ രോഗവുമായി ജനിച്ച ലത്തീഷ (27) എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി ജമീല ദമ്പതികളുടെ മകളാണ്. അപൂര്‍വ രോഗത്തിന് പുറമെ കഴിഞ്ഞയിടെ നേരിട്ട ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഇപ്പോള്‍ 24 മണിക്കൂറും ഓക്‌സിജന്‍ സിലിണ്ടര്‍ വഴി ഓക്‌സിജന്‍ ശ്വസിച്ചാണ് ലത്തീഷ കഴിയുന്നത്.
2019 ല്‍ കോട്ടയം ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു ആണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുനടക്കാന്‍ കഴിയുന്ന ശ്വസന സഹായ ഉപകരണം നല്‍കിയത്. ചില സമയങ്ങളില്‍ ഓക്‌സിജന്റെ അളവ് കൂടുതല്‍ വേണ്ടി വരുമ്പോള്‍ സിലിണ്ടര്‍ പെട്ടെന്ന് തീരും. കോവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടമായ നിലവിലെ ഈ സാഹചര്യത്തില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാന്‍ താമസം നേരിടുമെന്ന് കണ്ടതോടെയാണ് ഫേസ്ബുക് വഴി സഹായ അഭ്യര്‍ത്ഥന നടത്തിയത്.
കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സിലെ ഉദേ്യാഗസ്ഥരായ പ്രസാദ്, വിഷ്ണു, കാഞ്ഞിരപ്പള്ളി സിവില്‍ ഡിഫന്‍സ് ലീഡര്‍ വിഷ്ണു ഗോപാല്‍, എരുമേലി പോലീസ് സ്‌റ്റേഷന്‍ വോളന്റിയര്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കിയത്. എരുമേലി സെന്റ് തോമസ് സ്‌കൂളിലും എരുമേലി എം ഇ എസ് കോളേജിലുമായി പഠിച്ച് ബിരുദാനന്തര ബിരുദം വരെ നേടിയ ലത്തീഷ പാലാ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് സിവില്‍ സര്‍വീസ് പഠനം പൂര്‍ത്തിയാക്കുകയും ഒട്ടേറെ വേദികളില്‍ ദുര്‍ബലമായ കൈകളില്‍ കീ ബോര്‍ഡ് സംഗീതം നല്‍കിയിട്ടുമുണ്ട്. ഒപ്പം ചിത്ര രചനയിലും അസാമാന്യ പാടവം കാട്ടുന്ന പ്രതിഭ കൂടിയാണ് ലത്തീഷ.