പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പിബിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കേരള ഘടകം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെടും. ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് കേരള ഘടകം കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുക. നിലവില്‍ കേരളത്തില്‍ നിന്ന് നാല് പിബി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 17 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണുള്ളത്.
പാര്‍ട്ടി അംഗങ്ങളുടെ പകുതിയിലധികം കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇതിനനുസരിച്ചുള്ള പരിഗണന വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.75 വയസ്സ് മാനദണ്ഡത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ടു പേര്‍ മാറി നില്‍ക്കുമ്പോള്‍ പകരമായി ഒരാളെ കേരളത്തില്‍ നിന്ന് പരിഗണിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
നിലവിലുള്ള 17 പിബി അംഗങ്ങളില്‍ എട്ട് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. കേരളവും പശ്ചിമ ബംഗാളും തമ്മില്‍ പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തില്‍ 36,6347 പേരുടെ വ്യത്യാസമുണ്ട്. പാര്‍ട്ടി ശക്തമായിരുന്നപ്പോള്‍ ബംഗാളിനു ലഭിച്ച പരിഗണന ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. ഇതിന് എതിരുനില്‍ക്കാന്‍ ബംഗാള്‍ ഘടകം തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ വയസ് ഇളവ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എസ് രാമചന്ദ്രന്‍പിള്ളക്ക് പകരം എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ പരിഗണിക്കാനാണ് സാധ്യത.
അധികമായി പിബി അംഗത്തെ ലഭിച്ചാല്‍ എ.കെ ബാലനെയോ, കെ.രാധാകൃഷണനെയോ പരിഗണിക്കും. പിബിയില്‍ കാലങ്ങളായി തുടരുന്ന ദലിത് അവഗണന മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയില്‍ ബംഗാള്‍ ഘടകം സമവായത്തിന് വഴങ്ങിയേക്കുമെന്നാണ് സൂചന. നിലവില്‍ കേരളം, ബംഗാള്‍, ത്രിപുര, യുപി, എപി, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മാറുന്ന പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ക്ക് ആര് സിസിയില്‍ എത്തുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. മന്ത്രിമാരായ പി.രാജീവന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ പേരാണ് കേള്‍ക്കുന്നത്.
75 പിന്നിട്ട പിബി അംഗങ്ങള്‍
-എസ് രാമചന്ദ്രന്‍പിള്ള 84 വയസ്സ്. പിബിയിലെ മുതിര്‍ന്ന അംഗം.1992 മുതല്‍ പിബിയില്‍ തുടരുന്നു.ആലപ്പുഴ സ്വദേശി.
-ബിമന്‍ബോസ്. 81 വയസ്സ്. ബംഗാളില്‍ നിന്നുള്ള പ്രതിനിധി.സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി. 1998 മുതല്‍ പിബിയില്‍ തുടരുന്നു.
-ഹനന്‍ മൊല്ല.76 വയസ്സ്. ഓള്‍ ഇന്ത്യ കിസാന്‍ സഭ മുതിര്‍ന്ന നേതാവ്.ബംഗളില്‍ നിന്ന് നിരവധി തവണ ലോകസഭയില്‍.
-പിണറായി വിജയന്‍. 76. കേരള മുഖ്യമന്ത്രി. 1998മുതല്‍ 2015വരെ സിപിഎം കേരള ഘടകം സെക്രട്ടറി.