ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് 34കാരനായ കെ. ഹോയ്സാല നെഞ്ചുവേദനയെത്തുടര്‍ന്ന് ബംഗളൂരുവിലെ ആർ.എസ്.ഐ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണത്.
അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ചെങ്കിലും പ്രതികരണം ഇല്ലാതിരുന്നതിനാൽ ഉടൻ ആംബുലൻസിൽ അടുത്തുള്ള ബൗറിങ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ ഹൊയ്സാല നിര്‍ണായക പങ്കുവഹിച്ചിരുന്നു. 13 പന്തില്‍ 13 റണ്‍സെടുത്ത താരം തമിഴ്നാട് ഓപണറായ പ്രവീണ്‍ കുമാറിന്‍റെ വിക്കറ്റും വീഴ്ത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനായിരുന്നു കർണാടകയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 172 റണ്‍സടിച്ചപ്പോള്‍ തമിഴ്നാടിന്റെ മറുപടി 171 റണ്‍സിലൊതുങ്ങി.
മധ്യനിര ബാറ്ററും ഫാസ്റ്റ് ബൗളറുമായ ഹോയ്സാല അണ്ടര്‍ 25 വിഭാഗത്തില്‍ കര്‍ണാടക സംസ്ഥാന ടീമിനായി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിൽ ബെല്ലാരി ടസ്കേഴ്സിനായും ശിവമൊഗ്ഗ ലയണ്‍സിനായും ഇറങ്ങിയിട്ടുണ്ട്.