X

വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 25 ലക്ഷത്തിന്റെ ധനസഹായം കൈമാറി

ബെംഗളൂരു: 2018 മുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം കൈമാറി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൊല്ലപ്പെട്ട ആറുപേരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ഇവരുടെ ബന്ധുക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മേലില്‍ ഇത്തരം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലക്കാരായ ദീപക് റാവു (2018 ജനുവരി മൂന്ന്), മസൂദ് 2022 ജൂലൈ 19), മുഹമ്മദ് ഫാസില്‍ (2022 ജൂലൈ 28), അബ്ദുല്‍ ജലീല്‍ (2022 ഡിസംബര്‍ 24), മാണ്ഡ്യ ജില്ലക്കാരനായ ഇദ്‌രീസ് പാഷ (2023 മാര്‍ച്ച് 31) ഗാദക് ജില്ലക്കാരനായ ഷമീര്‍ (2022 ജനുവരി 17) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്.

ഇതില്‍ ദീപക് റാവു കുത്തേറ്റ് മരിച്ചത് തൊട്ടു മുമ്പത്തെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ അവസാന കാലത്തായിരുന്നു. മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന കാലയളവിലാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബി.ജെ.പി അധികാരത്തിലിരിക്കെ ധനസഹായം നല്‍കിയിരുന്നെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്.

ബി.ജെ.പി നേതാവ് പ്രവീണ്‍ നെട്ടാര്‍ (ദക്ഷിണ കന്നഡ), ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഹര്‍ഷ (ശിവമൊഗ്ഗ) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ബി.ജെ.പി സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍ ഇതേ കാലയളവില്‍ കൊല്ലപ്പെട്ട മസൂദ്, ഫാസില്‍ എന്നിവരുടെ കുടുംബത്തെ മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയിരുന്നില്ലെന്ന് സിദ്ധരാമയ്യ ആരോപിച്ചു. പ്രവീണ്‍ നെട്ടാറിന്റെയും ഹര്‍ഷയുടേയും കുടുംബത്തിന് പിന്നീട് സര്‍ക്കാര്‍ ജോലി നല്‍കി. അപ്പോഴും മറ്റുള്ളവരോട് വേര്‍തിരിവു കാണിച്ചു. ഇത്തരം വേര്‍തിരിവ് പാടില്ലെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയില്‍ താന്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അതിന് ചെവികൊടുത്തില്ല. അന്ന് നീതി നിഷേധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് ഞങ്ങളത് നല്‍കിയിരിക്കുന്നു- സിദ്ധരാമയ്യ പറഞ്ഞു. സദാചാര പൊലീസിങുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും സര്‍ക്കാര്‍ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: