X

ദൈവിക സമാഗമത്തിന്റെ ആനന്ദം

റാശിദ് ഗസ്സാലി

മനസ്സിന്റെ നന്മയും ശരീരത്തിന്റെ പരിശുദ്ധിയും ഒരുപോലെ ഉറപ്പ്‌വരുത്തി ആത്മീയ ചൈതന്യത്തിലൂടെ വിജയം കണ്ടെത്തിയ പുണ്യദിനങ്ങള്‍ അവസാനത്തോടടുക്കുകയാണ്. പശ്ചാത്താപ വിവശമായ മനസ്സോടെ പ്രപഞ്ച നാഥനുമുന്നില്‍ സ്വയം സമര്‍പ്പിച്ച് സമൂലമായ പരിവര്‍ത്തനത്തിനു ഊര്‍ജ്ജം കണ്ടെത്തിയ ദിനരാത്രങ്ങളാണ് വിടപറയുന്നത്.

ചിന്തയും കര്‍മ്മവും ഒരുപോലെ മൂര്‍ച്ചകൂട്ടി നാം മുന്നോട്ട് നീങ്ങിയത് മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സ്വര്‍ഗ നരകങ്ങളുടെ ജയാപരാജയങ്ങള്‍ക്കപ്പുറം അതി വിശിഷ്ടമായ ഒരു ലക്ഷ്യം വിശ്വാസികള്‍ക്കുണ്ട്. അത് ഉടയതമ്പുരാന്റെ തൃപ്തി കരഗതമാക്കലും അവനെ സംതൃപ്തിയോടെ കണ്ടുമുട്ടലുമാണ്. നാഥനെ കണ്ടുമുട്ടുന്ന ആ സവിശേഷ ദിനത്തിനായാണ് നാം ചെയ്യുന്ന സര്‍വ സുകൃതങ്ങളും.
പടപ്പുകള്‍ക്ക് പടച്ചവനോടും പടച്ചവന് പടപ്പുകളോടും പരിപൂര്‍ണമായ തൃപ്തി ഉണ്ടാകുമ്പോഴാണ് അവനെ കണ്ടുമുട്ടുന്ന അസുലഭ മുഹൂര്‍ത്തം സാധ്യമാകുക. അനുസരണയും വിശ്വാസവും കൊണ്ട് മാത്രം തൃപ്തി നേടിയെടുക്കാനാവില്ല. അനുകരണത്തിന്റെയും പിന്തുടര്‍ച്ചയുടെയും പരമമായ തൃപ്തിയാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത്.

കോടതിയെയും നിയമങ്ങളെയും അനുസരിക്കുന്നു, ട്രാഫിക് സിഗ്‌നലുകളും നിബന്ധനകളും അംഗീകരിക്കുന്നു, മാസ്‌ക് ധരിക്കുന്നു ഇവയെല്ലാം മനസ്സറിഞ്ഞ് പരിപൂര്‍ണ തൃപ്തിയോടെയാണോ ചെയ്യുന്നത്. നിയമം അനുശാസിക്കുകയല്ലാതെ മറുവഴിയില്ലാത്തത് കൊണ്ട് തദാ പിന്തുടരുന്നു. ഇങ്ങനെ ചെയ്യുന്ന കര്‍മ്മങ്ങളില്‍ പൂര്‍ണമായ ഇഷ്ടവും മതിപ്പുമുണ്ടാവണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള കരാര്‍ തികച്ചും വ്യത്യസ്തമാണ്. അവന്റെ തീരുമാനങ്ങളിലും നിശ്ചയങ്ങളിലും വിധിവിലക്കുകളിലും അടിമ പൂര്‍ണ തൃപ്തി കാണിക്കുകയും അടിമയുടെ കര്‍മങ്ങളില്‍ നാഥന്‍ അപാരമായ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യും വിധം നിഷ്‌കളങ്കവും ആത്മാര്‍ഥവുമായ ബന്ധമാണ് സ്ഥാപിക്കപ്പെടുന്നത്. അവിടെ കല്‍പനയും അനുസരണയും നിര്‍ദേശവും അനുകരണവുമൊക്കെ നിറഞ്ഞ മനസ്സോടെ സംഭവിക്കുന്നു. ഒടുവില്‍ ഇഹലോകം വെടിഞ്ഞ് നഥനിലണയുമ്പോള്‍ സ്‌നേഹസുദൃഢമായ കണ്ടുമുട്ടലില്‍ കുറഞ്ഞ എന്ത് സൗഭാഗ്യമാണ് ഉണ്ടാവുക. നാഥന്റെ കാരുണ്യത്തിന്റെയും ഇഷ്ടത്തിന്റെയും അതുല്യ വര്‍ഷത്തില്‍ ആനന്ദപുളകിതനാകും അവനു പ്രിയപെട്ടവരെല്ലാം. അവനു തൃപ്തിയുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാനും അല്ലാത്തവ വെടിയാനും സദാ സന്നദ്ധനായിരിക്കും.

‘നാഥാ നിന്റെ സ്വര്‍ഗം കൊതിച്ചാണ് എന്റെ ഈ കര്‍മങ്ങളെങ്കില്‍ നീ എന്നെ അതില്‍ പ്രവേശിപ്പിക്കരുത്. നിന്റെ നരകത്തെ ഭയന്നാണെങ്കില്‍ അതില്‍ തന്നെ എന്നെ നീ ഇട്ടേക്കണം. മറിച്ച് എന്റെ യഥാര്‍ഥ ലക്ഷ്യം നിന്റെ തൃപ്തിയും നിന്നെ കണ്ടുമുട്ടലുമാണ്. അത് മാത്രമാണ് എന്നെ നിരന്തരം ആരാധനകളില്‍ മുഴുകാന്‍ ആവേശഭരിതയാക്കുന്നത്’. നഫീസത്തുല്‍ മിസ്‌രിയയുടെ പ്രസ്തുത വാക്കുകള്‍ പകര്‍ന്നു നല്‍കുന്ന ആധ്യാത്മിക ചൈതന്യം നാഥനെ കണ്ടുമുട്ടുകയെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള നിരന്തര പരിശ്രമത്തിന്റെ പ്രസക്തിയാണ് .

Chandrika Web: