ആടുജീവിതമെന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് കഥ പൂര്‍ണമായും വായിച്ചുനോക്കാതെയായിരുന്നെന്നും സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം.
സഊദി ജനതയെ മോശക്കാരായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് അറിഞ്ഞില്ലെന്നും റിലീസ് ചെയ്ത ശേഷമാണ് കഥ ബോധ്യപ്പെട്ടത്. ഇത്തരം ഒരു സിനിമയുടെ ഭാഗമായതില്‍ സഊദി ജനതയോട് മാപ്പ് ചോദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം വ്യക്തമാക്കി.
സിനിമ കണ്ടപ്പോഴാണ് സഊദി വിരുദ്ധത മനസ്സിലായത്. സഊദിയിലെ ജനങ്ങളോടും ഭരണാധികാരികളോടും ആത്മബന്ധവും കുടുംബബന്ധവുമുള്ള ഒരു നാടിന്റെ പ്രജയെന്ന നിലയില്‍ അത്തരം ഒരു പടത്തില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പടം റിലീസ് ആയ ശേഷം സഊദി അറേബ്യക്കാരെ മോശമായി ചിത്രീകരിക്കുന്നെന്ന് വിവിധ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ആകിഫ് പ്രസ്താവനയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.