X
    Categories: Views

തൊഴില്‍ മേഖല അരക്ഷിതാവസ്ഥയില്‍

അഡ്വ. എം റഹ്മത്തുള്ള

പ്രതി വര്‍ഷം രണ്ട് കോടി ആളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിലെ തൊഴില്‍ മന്ത്രി നിതിന്‍ ഗഡ്കരി നിസ്സഹായനായി കൈ മലര്‍ത്തിയത് ഇയ്യിടെയാണ്. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി എന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴാണ് തൊഴില്‍ മന്ത്രി ഇതിനെതിരെ നിലകൊണ്ടത്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു നിശ്ചിത കാലാവധി തൊഴില്‍ രീതി നടപ്പിലാക്കി തുടങ്ങിയിരിക്കയാണ് മോദി സര്‍ക്കാര്‍. തൊഴില്‍ സമയം ഇപ്പോള്‍ പത്തും പതിനഞ്ചും മണിക്കൂറുകളായി മാറി. തൊഴിലില്ലാത്ത വികസനവും കൂലി ഇല്ലാത്ത തൊഴിലുമാണ് പുതിയ ലോക വ്യവസ്ഥ. വികസനവും പുരോഗതിയും ചെറിയ വിഭാഗം ആളുകളുടേത് മാത്രമാണ്. സമ്പത്ത് ഉത്പാദിപ്പിക്കുകയും നാടിന്റെ വികസനത്തില്‍ വലിയ പങ്ക് നിര്‍വഹിക്കുകയും ചെയ്യുന്ന തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരും കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അസമത്വവും ദാരിദ്ര്യവും അസ്വസ്ഥതയും അരാജകത്വവും രാജ്യത്ത് അനുദിനം വര്‍ധിച്ചുവരികയാണ്.

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടത് സര്‍ക്കാരിന് ജനഹിതം മാനിച്ചും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഉയര്‍ന്നും മുന്നേറാന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ സൈ്വര്യ ജീവിതവും ക്രമസമാധാനവും വഷളായികൊണ്ടിരിക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. റേഷന്‍ സമ്പ്രദായം അവതാളത്തിലായി. തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമം നടത്തിയിട്ടില്ല. തൊഴിലാളി ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലാണ്. ക്ഷേമ പദ്ധതികളില്‍ തൊഴിലാളികളുടെ അംശാദായം ഗണ്യമായി വര്‍ധിപ്പിച്ചുവെങ്കിലും ആനുകൂല്യങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്‍മാറുകയാണ്. തൊഴിലാളികള്‍ക്ക് ക്ഷേമ ബോര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമായി. മാത്രമല്ല ക്ഷേമ ബോര്‍ഡുകളുടെ പണം സര്‍ക്കാറിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ വകമാറ്റി ചെലവഴിക്കാന്‍ ശ്രമിക്കുകയുമാണ്. നഷ്ടത്തിലോടുന്നതും പൂട്ടി ക്കിടക്കുന്നതുമായ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാനും തുറന്നുപ്രവര്‍ത്തിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

എച്ച്.എം.ടി, എച്ച്.എന്‍.എല്‍, ബെല്‍, മലബാര്‍ സിമന്റ്‌സ്, ടെക്‌സ്റ്റൈല്‍ മില്ലുകള്‍ തുടങ്ങിയ പൊതുമേഖല സംരംഭങ്ങള്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. പൂട്ടിക്കിടക്കുന്ന നിരവധി വ്യവസായ സംരംഭങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അസംഘടിത തൊഴില്‍ മേഖല വലിയ തകര്‍ച്ചയിലാണ്. മണല്‍ വാരല്‍ നിരോധനം തുടരുന്നതും സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നതും ഈ മേഖലയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി. ദേശീയ മോട്ടോര്‍ നിയമ ഭേദഗതിയും മോട്ടോര്‍ വ്യവസായം കുത്തകവത്കരിക്കാനുള്ള നീക്കവും അടിക്കടി യു ള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ഈ രംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ചുമട് രംഗത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കിര്‍ണ്ണമാകുന്നത് തടഞ്ഞത് തൊഴിലാളി സംഘടനകളുടെ ശക്തമായ ഇടപെടലിനാലാണ്. ഈ രംഗത്തും തൊഴില്‍ സാധ്യത കുറഞ്ഞു വരികയാണ്. ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ഇവിടെയും താളം തെറ്റി തുടങ്ങിയിട്ടുണ്ട്. കാര്‍ഷികരംഗം നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയുടെ അനന്തര ഫലങ്ങള്‍ കര്‍ഷക തൊഴിലാളികളേയും സാരമായി ബാധിച്ചു കഴിഞ്ഞു. കാര്‍ഷിക രംഗത്ത് കേരളത്തിന് ചെയ്യാവുന്ന പല കാര്യങ്ങളുടേയും ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര അവഗണനയുടെ പേര് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിഹിതം കേ ന്ദ്രം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതം കുടിശ്ശികയായി കിടക്കുകയാണ്. കടല്‍ക്ഷോഭത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും എപ്പോഴും ഇരയായി കൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് എന്നും കണ്ണീരും കഷ്ടപ്പാടുകളും മാത്രമാണ് ബാക്കിയുള്ളത്. കടല്‍ ക്ഷോഭം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ പ്രകൃതി ദുരന്തമായി അംഗീകരിക്കേണ്ടതുണ്ട്.

റിയല്‍ എസ്റ്റേറ്റ് രംഗവുംതകര്‍ന്നുകഴിഞ്ഞു. തോട്ടം തൊഴി ലാ ളി ക ള്‍ കൂലി വര്‍ധനവ്, ഭവനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരന്തര പോരാട്ടത്തിലാണ്. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ സ്‌കീമുകളില്‍ ഹോണറേറിയം മാത്രം കൈപ്പറ്റി ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി പോരുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ തൊഴിലാളി എന്ന അംഗീകാരം നേടുന്നതിനും പ്രതിമാസം പതിനെട്ടായിരം രൂപ അലവന്‍സായി ലഭിക്കുന്നതിനുമുള്ള പോരാട്ടത്തിലാണ്. കേരളത്തില്‍ അങ്കണവാടി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി അല്ലാതെ മറ്റൊരു ആനുകൂല്യവും ലഭ്യമല്ല. ആശാ വര്‍ക്കര്‍മാരുടെ സ്ഥിതി അതിദയനീയമാണ്. ഇരട്ട പെന്‍ഷന്റെ പേരില്‍ നാല്‍പത് ലക്ഷം പേര്‍ക്ക് ലഭിച്ചിരുന്ന സാമൂഹൃ ക്ഷേമ പെന്‍ഷന്‍ പദ്ധതി പല നിബന്ധനകള്‍ കൊണ്ടുവന്നു നല്ലൊരു ഭാഗം ആളുകള്‍ക്ക് നിഷേധിച്ചിരിക്കയാണ്. വികസനത്തിന്റെയും പുരോഗതിയുടേയും മറവില്‍ കേരളത്തിന്റെ അമൂല്യമായ പ്രകൃതി സമ്പത്തും വിഭവങ്ങളും തണ്ണീര്‍തടങ്ങളും സമ്പന്ന ബിസിനസ് ലോബിക്ക് അടിയറ വെക്കാനുള്ള നീക്കങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.

കേന്ദ്ര നയങ്ങളും അവഗണനയും മാത്രം പറഞ്ഞ് ഇടത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ സര്‍ക്കാറിനെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനകളും സര്‍വീസ് സംഘടനകളൂം കേരളത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു മുന്നാട്ട് പോകാന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന് സാധ്യമല്ല. ഈ നയങ്ങളേയും നീക്കങ്ങളേയും ചെറുത്തു തോല്‍പ്പിക്കാനുള്ള പോരട്ടങ്ങളില്‍ എസ്.ടി.യു മുന്‍ പന്തിയിലുണ്ടാവും. അവകാശ സംരക്ഷണത്തിനു അണയാത്ത പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ടി.യു സംസ്ഥാന കമ്മറ്റി ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത് ഈ പശ്ചാത്തലത്തിലാണ്.
(എസ്.ടി.യു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

chandrika: