X

‘രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നാളെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകുന്നതിനു മുമ്പായാണ് നേതൃത്വത്തിന്റെ നടപടി. സമ്മേളനങ്ങള്‍ തുടങ്ങുംമുമ്പ് പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

webdesk13: