X

അകത്തളം കഴുകിയെടുക്കാം- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ വേണ്ട അവസാന ഒരുക്കങ്ങളില്‍ പ്രധാനമാണ് തൗബ എന്ന പശ്ചാതാപം. മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ എടുത്തൊഴിവാക്കുകയും ആത്മാവിനെ കഴുകിയെടുക്കുകയും ചെയ്യുകയാണ് തൗബ. ഓരോ പാപങ്ങളും ഓരോ കറുത്ത പുള്ളിയായി മനോ പ്രതലത്തില്‍ അടയാളപ്പെടുത്തുമെന്ന് നബി (സ) വിവരിച്ചിട്ടുണ്ട്. ഈ പുള്ളികള്‍ തൗബയിലൂടെ മായുന്നു. ഇനിയും സന്നിവേശിപ്പിക്കാനിരിക്കുന്ന നന്മകളെ സ്വീകരിക്കാനും സംരക്ഷിച്ചു നിര്‍ത്താനും ഇത് അനിവാര്യമാണ്. തൗബയെന്ന ശബ്ദത്തിന് മടക്കം എന്നാണര്‍ത്ഥം. ഉടമയായ അല്ലാഹുവിലേക്ക് അടിമയുടെ ഹൃദയം ഖേദത്തോടെ മടങ്ങുന്ന ആത്മീയമായ അവസ്ഥയാണത്. പാപങ്ങള്‍ ഓരോന്ന് ചെയ്യുമ്പോഴും ഹൃദയം കൊണ്ട് അവനില്‍ നിന്ന് അകന്ന് പോവുകയാണല്ലോ. ആ അകലങ്ങളില്‍ നിന്നുള്ള മടക്കമാണ് തൗബ. വിജയത്തിലേക്കുള്ള ആദ്യപടിയും ആത്മീയതയുടെ ഘട്ടങ്ങളില്‍ പ്രഥമവുമാണ് തൗബ. തൗബ ചെയ്ത് ശുദ്ധരായവരെ അല്ലാഹുവിന് പെരുത്തിഷ്ടമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.

തൗബ വിനയത്തിന്റെ അടയാളമാണ്. പശ്ചാത്തപിക്കാത്തവന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ അംശമുണ്ടെന്നുറപ്പാണ്. അണുത്തൂക്കം ഖിബ്‌റുള്ളിലുള്ളവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കില്ല. അല്ലാഹു സംപ്രീതനാവാത്ത ഒരാള്‍ക്കും അവന്റെ പരമമായ ഔദാര്യങ്ങളൊന്നും ലഭിക്കില്ല. സ്വര്‍ഗമടക്കം ഒന്നും. അടിമ ചോദിച്ചാല്‍ ഒരു അളവുമില്ലാതെ പൊറുത്തുതരാന്‍ അല്ലാഹു തയ്യാറാണ്. അവന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും. (42:5) പക്ഷേ, അടിമ അത് ചോദിക്കണമെന്നു മാത്രം. അഥവാ ചോദിക്കാന്‍ മാത്രം അവന്‍ വിനയാന്വിതനായിരിക്കണം. ചോദിക്കാന്‍ തയ്യാറായാല്‍ തന്നെ അതൊരു വിധേയത്വമാണ്. കാരണം പൊറുക്കലിനെ ചോദിക്കുന്നു എന്നു പറയുമ്പോള്‍ അടിമ തന്റെ ഉടമയോട് കുറ്റസമ്മതം നടത്തുന്നു എന്ന അര്‍ഥം അതിലടങ്ങിയിട്ടുണ്ടല്ലോ. ഈ വിനയവും വിധേയത്വവും അവന് അത്ര ഇഷ്ടമായതിനാല്‍ ഏറെ പ്രതിഫലവും നല്‍കുന്നു. അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തുകൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച. (66:8).

തൗബ സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ മഹാ കാര്യണ്യവും ഔദാര്യവുമാണ്. കാരണം അല്ലാഹു പൊറുക്കുന്നത് പാപങ്ങളെയാണ്. പാപങ്ങള്‍ എന്നത് ഒരാള്‍ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ അല്ല. തെറ്റാണ് എന്നും ഇത് ചെയ്യുന്നത് അല്ലാഹുവിന് സമ്മതമില്ലാത്ത കാര്യമാണ് എന്നുമെല്ലാമുള്ള വ്യക്തമായ അറിവും ബോധ്യവും ഉണ്ടായിട്ടും അതിനെ ഒന്നും പരിഗണിക്കാതെ ചെയ്യുന്നവയാണ് പാപങ്ങള്‍. അപ്പോള്‍ ഓരോ പാപങ്ങള്‍ ചെയ്യുമ്പോഴും സത്യത്തില്‍ അടിമ ഉടമയായ അല്ലാഹുവിനെ ധിക്കരിക്കുകയും അവഗണിക്കുകയുമാണ്. ഇങ്ങനെ ധിക്കാരപരമായി ചെയ്തിട്ടും അല്ലാഹു അത് മറക്കാനും പൊറുക്കാനും തയ്യാറാകുമ്പോള്‍ അത് എത്ര വലിയ ഔദാര്യമാണ്!. അപ്രകാരം തന്നെ തൗബ സത്യവിശ്വാസിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്. അതുകൊണ്ടു തന്ന ഒരു തിന്മ ചെയ്തു എന്നു കരുതി ഒരാളെ പാടെ ഉപേക്ഷിക്കുകയും നരകാവകാശിയായി മുദ്രകുത്തുകയും ചെയ്യുന്ന രീതി ഇസ്‌ലാമിലില്ല. ഏറ്റവും വലിയ കാരുണ്യവാനും സൃഷ്ടികളോട് അങ്ങേയറ്റം കൃപയുള്ളവനുമായ അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തു തരുമെന്ന് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിഷ്‌കളങ്കമായ പ്രായശ്ചിത്വത്തിനുമുന്നില്‍ ഏതു തെറ്റും പൊറുപ്പിക്കാവുന്നതാണ്. ദോഷങ്ങളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയവന്‍ തീരെ തെറ്റുചെയ്യാത്തവനെ പോലെയാണെന്ന് തിരുനബിയുടെ അധ്യാപനമുണ്ട്. തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (2: 222)

ഖുദ്‌സിയായ ഹദീസില്‍ ഇങ്ങിനെ കാണാം, എന്റെ ദാസന്മാര്‍ രാത്രിയിലും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാനെല്ലാ തെറ്റുകളും പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (മുസ്‌ലിം) ഇവിടെയെല്ലാം കാരുണ്യത്തിന്റെ വിശാലത നാം അനുഭവിക്കുന്നു.

ഒരു ദിവസം ഇശാ നമസ്‌കാരാനന്തരം പള്ളിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ഒരു സ്ത്രീ അബൂ ഹുറൈറ(റ)യുടെ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നു. സലാം നേര്‍ന്ന് നേരെ അദ്ദേഹം മുറിയില്‍ കടന്നു വാതിലടച്ചു സുന്നത്തു നമസ്‌കരിക്കാന്‍ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വാതിലില്‍ മുട്ടി. അദ്ദേഹം വാതില്‍ തുറന്നു എന്തുവേണമെന്നന്വേഷിച്ചു. അവര്‍ പറഞ്ഞു: ഞാന്‍ താങ്കളോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്. ഞാന്‍ അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്തിരുന്നു. പ്രസവിച്ചപ്പോള്‍ ശിശുവിനെ കൊന്നുകളഞ്ഞു. എന്റെ ഈ മഹാപാപങ്ങള്‍ പൊറുക്കപ്പെടാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നാണ് ഇപ്പോഴെനിക്കറിയേണ്ടത്. അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല. അതു കേട്ട് വലിയ വ്യസനത്തോടെ നെടുവീര്‍പ്പിട്ട് ആ സ്ത്രീ തിരിച്ചുനടന്നു. അവര്‍ തന്റെ ദുര്‍ഗതിയില്‍ വിലപിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് സുബ്ഹ് നമസ്‌കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ അദ്ദേഹം രാത്രിയില്‍ ഉണ്ടായ സംഭവം നബി (സ) യോട് പറഞ്ഞു. അവിടുന്നു പറഞ്ഞു: ‘ഓ അബൂഹുറൈറ, താങ്കള്‍ വളരെ അബദ്ധമായ മറുപടിയാണല്ലോ കൊടുത്തത്. ഖുര്‍ആനിലെ ഈ സൂക്തം താങ്കള്‍ വായിച്ചിട്ടില്ലേ? അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപ ഫലം അനുഭവിക്കുകതന്നെ ചെയ്യും. പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ് (25:68-70). പ്രവാചകന്റെ ഈ മറുപടി കേട്ട അബൂഹുറൈറ ആ സ്ത്രീയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി. ഇശാ നേരത്താണ് അവരെ കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ചോദ്യത്തിന് ദൈവിക ദൗത്യത്തിന്റെ ആസ്ഥാനത്തുനിന്നു ലഭിച്ച ശുഭകരമായ മറുപടി അദ്ദേഹം അറിയിച്ചു. അതുകേട്ടപാടെ അവര്‍ സുജൂദില്‍ വീണുകൊണ്ടു പറഞ്ഞുതുടങ്ങി: എനിക്ക് പാപമോചനത്തിന്റെ കവാടം തുറന്നുതന്ന പരിശുദ്ധനായ അല്ലാഹുവിന് ശുക്ര്!. പിന്നീടവര്‍ കുറ്റങ്ങളില്‍നിന്നു പശ്ചാത്തപിച്ചു. തന്റെ ഒരു ദാസിയെ അവളുടെ കുട്ടിയോടൊപ്പം മോചിപ്പിക്കുകയും ചെയ്തു. (ഇബ്‌നു ഖുദാമയുടെ അത്തവ്വാബീനില്‍ നിന്ന്)

ഇങ്ങനെയൊക്കെ പ്രോത്സാഹനങ്ങള്‍ പ്രമാണങ്ങള്‍ നല്‍കുന്നുണ്ട് എങ്കിലും തൗബയെ ബാധ്യതയായി എടുക്കുന്നതില്‍ നവസമുദായത്തിന് ചില ആലസ്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് താന്‍ തെറ്റു ചെയ്തതായി തോന്നുകയാ അതില്‍ വേദനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് അവയിലൊന്ന്. അല്ലാഹുവിന്റെ നയനിയമങ്ങള്‍ ലംഘിക്കുന്നതാണല്ലോ പാപങ്ങള്‍. അവ ലംഘിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് വേണ്ടവിധത്തിലുള്ള വിശ്വാസമില്ലാത്തതും സ്വന്തം തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ മാത്രമുള്ള വിനയ നിഷ്‌കളങ്കത ഇല്ലാത്തതുമെല്ലാമാണ് ഇതിനു കാരണം. അതുകൊണ്ടാണ് ഇങ്ങനെ കരുതുന്നവരെ അഹങ്കാരികള്‍ എന്ന് വിളിക്കുന്നത്. മറ്റു ചിലര്‍ തൗബയെ ചെറിയ വാചകത്തില്‍ ഒതുക്കുന്നു. പാപം പോലെ തൗബയും അത്ര ലാഘവമാണവര്‍ക്ക്. യഥാര്‍ഥത്തില്‍ തൗബയെന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനമാണ്. യജമാനനായ അല്ലാഹുവിനെ മനസ്സിലാക്കുമ്പോള്‍ മാത്രം അടിമയുടെ ഖല്‍ബില്‍ വിരിയുന്ന സങ്കടം നിറഞ്ഞ ജാള്യതയാണത്. കാരുണ്യക്കടലായ നാഥന്റെ വിധി വിലക്കുകളെ പരിഗണിക്കാതെ, തന്റെ ദേഹമോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലെ വേദന നിറഞ്ഞ പശ്ചാത്താപം. തൗബയെന്നാല്‍ ഖേദമാണെന്ന് തിരുനബി (സ) പറഞ്ഞത് അതുകൊണ്ടാണ്.

തൗബ സ്വീകരിക്കപ്പെടണമെങ്കില്‍ നാല് നിബന്ധനകളുണ്ട്. ഒന്ന്, ആഴത്തിലുള്ള സങ്കടം. രണ്ട്, ഇനിയൊരിക്കല്‍പോലും പാപം ചെയ്യില്ലെന്ന പ്രതിജ്ഞ. മൂന്ന്, ശിഷ്ടകാലം തെറ്റില്ലാതെ ജീവിക്കല്‍. നാല്, ബാധ്യതകളെല്ലാം പൂര്‍ത്തിയായി നിര്‍വഹിക്കല്‍. സൃഷ്ടികളുമായി സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയ ബാധ്യതകളോ ഇടപാടുകളോ ഉണ്ടെങ്കില്‍ അവരുടെ തൃപ്തിയില്ലാതെ പരലോകം രക്ഷപ്പെടില്ലെന്ന് ചുരുക്കം. ഇവയിലേക്ക് വരുന്നതിനുമുന്നെ മൂന്ന് കാര്യങ്ങള്‍ അതിന്റെ ആമുഖങ്ങളായിരിക്കണമെന്ന് ഇമാം ഗസ്സാലി (റ) പറയുന്നുണ്ട്. തെറ്റുകളുടെ ഗൗരവം ഓര്‍ക്കുക, ശിക്ഷയുടെ കാഠിന്യം ആലോചിക്കുക, നമ്മുടെ ബലഹീനതയെ കുറിച്ച് ബോധവാനാവുക എന്നിവയാണവ. ഇങ്ങനെ പ്രത്യേക ഒരുക്കത്തോടും മനശ്രദ്ധയോടും തന്നെ ചെയ്യേണ്ട ഗൗരവമായ കാര്യമാണ് തൗബ.
മറ്റൊരു ആലസ്യം ചിലര്‍ക്ക് തൗബ ചെയ്യുന്നതൊക്കെ കുറച്ചു കൂടി പ്രായമായതിനു ശേഷം മാത്രം വേണ്ട കാര്യമാണ് എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. വീണ്ടും പാപങ്ങളിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ തൗബ ചെയ്യാന്‍ മടിക്കുന്ന ആളുകളോടായി ഇമാം ഗസ്സാലി (റ) പറയുന്നു: അത് പിശാചിന്റെ കുതന്ത്രമാണ്. ഭാവിയില്‍ തെറ്റുചെയ്യുമെന്ന ഉറപ്പ് ആരാണ് നല്‍കിയത്? ഏത് നിമിഷവും മരണപ്പെടാനുള്ള സാധ്യതയില്ലേ. അന്ത്യനിമിഷങ്ങളില്‍ തൗബയോടെ മരണപ്പെടാനും സാധ്യതയില്ലേ. അതിനാല്‍ ദുശ്ചിന്തകള്‍ കാരണം തൗബ മാറ്റിവെക്കരുത്, അല്ലാഹു കാരുണ്യവാനാണ്, കൃപാലുവാണ്, തൗബ ചെയ്യുന്നവരെ പെരുത്തിഷ്ടമുള്ളവനാണ്.

ഇപ്പോള്‍ നാം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ വരുന്ന റമസാന്‍ വേറിട്ട അനുഭവമായി മാറും.

Test User: