X

സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല

റിയാദ്: ലിയോ മെസി വന്നില്ല. പക്ഷേ കൃസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തുടര്‍ന്ന് സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ കരുത്തരാണ് വരുന്നത്. ഇത്തിഹാദിലേക്ക് വന്നവര്‍ രണ്ട് വമ്പന്മാരാണ്. കരീം ബെന്‍സേമയും നകാലേ കാന്‍ഡേയും. സി.ആറിന്റെ അല്‍ നസറിന്റെ വലിയ ശത്രുക്കളായ അല്‍ ഹിലാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് വലിയ കരാറുകള്‍ സ്വന്തമാക്കി.

ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്‌സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്. വന്‍കിട യൂറോപ്യന്‍ ക്ലബുകള്‍ക്കായി പന്ത് തട്ടുന്ന പലരെയും നോട്ടമിട്ട് സഊദി ക്ലബുകളുടെ ഏജന്റുമാര്‍ ലണ്ടനിലും പരിസരങ്ങളിലുമുണ്ട്. കൃസ്റ്റിയാനോ റൊണാള്‍ഡോ അവസാന സീസണിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അല്‍ ഹിലാലിലെത്തിയത്. ഇതായിരുന്നു സഊദി ഒഴുക്കിന്റെ തുടക്കം. വിവാദ സാഹചര്യത്തിലായിരുന്നു സി.ആറിന്റെ വരവ്. ഖത്തര്‍ ലോകകപ്പിന് തൊട്ട് മുമ്പ് അദ്ദേഹവും യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗനും ഇടഞ്ഞു. ആദ്യ ഇലവനില്‍ കോച്ച് സ്ഥാനം നല്‍കാത്തതിലെ പരാതിയില്‍ അനുമതിയില്ലാതെ സി.ആര്‍ മൈതാനം വിട്ടതായിരുന്നു ആദ്യ പ്രകോപനം. ഇരുവരും തമ്മില്‍ പിന്നെ വാക്‌പോരായി. ലോകകപ്പിന് തൊട്ട് മുമ്പ് സി.ആര്‍ നല്‍കിയ അഭിമുഖം വന്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ യുനൈറ്റഡ് പുറത്താക്കിയത്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്നാണ് സി.ആര്‍ അല്‍ ഹിലാലിലെത്തിയത്.

ആദ്യ സീസണില്‍ ക്ലബിന് കിരീടം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും പ്രോ ലീഗിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാനായി. ആദ്യ സീസണ്‍ സംതൃപ്തികരമായിരുന്നുവെന്ന് വ്യക്തമാക്കിയ സി.ആറിനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ സഊദിയിലേക്ക് വരുന്നത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ അപ്രതീക്ഷിത വരവായിരുന്നു പുതിയ സീസണ്‍ മുന്‍നിര്‍ത്തി സഊദിക്ക് ശക്തിയായത്. റയല്‍ നിരയില്‍ ഗോളുകള്‍ അടിച്ച് കൂട്ടുന്ന കരീമിന് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരു സീസണ്‍ കൂടി ബാക്കിയുണ്ടായിരുന്നു. കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഉള്‍പ്പെടെയുളളവര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 35 കാരനായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ വന്‍ തുകക്ക് ഇത്തിഹാദിലേക്ക് വരുകയായിരുന്നു. തൊട്ട് പിറകെയാണ് നകാലേ കാന്‍ഡേയും ഇതേ ക്ലബിലെത്തിയത്. അല്‍ ഹിലാലും ഇത്തിഹാദും അല്‍ നസറുമാണ് താരങ്ങള്‍ക്കായി കൂടുതല്‍ കാശ് ഇറക്കുന്നത്.

webdesk11: