ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്.
യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ഉത്തരവിട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റുമാരിൽ നിന്ന് വിശദീകരണം തേടുമെന്നും ഡിജിസിഎ അധികൃതർ അറിയിച്ചു.
പരിശോധനയ്ക്കായി വിമാനം നിലത്തിറക്കിയതായി അറിയിച്ചു. ആവശ്യമായ പരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി വിമാനം മാറ്റി. ഞായറാഴ്ച, കൊൽക്കത്തയിൽ നിന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇൻഡിഗോ എയർബസ് എ 321 വിമാനത്തിന് സമാനമായ സംഭവമുണ്ടായിരുന്നു.