X

ഇന്ന് കൗമാര ഫൈനല്‍

കൂളിഡ്ജ് (വിന്‍ഡീസ്): ഇന്ത്യന്‍ കൗമാരം ഇന്ന് കപ്പിലേക്കാണ്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ ഇംഗ്ലീഷ് കൗമാരം. കരീബീയന്‍ വേദിയില്‍ വൈകീട്ട് 6-30 മുതലാണ് കലാശക്കളി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

കരുത്തരായ ഓസ്‌ട്രേലിയയെ വ്യക്തമായ മാര്‍ജിനില്‍ തകര്‍ത്ത യാഷ്ദൂലിന്റെ ഇന്ത്യക്കാണ് വ്യക്തമായ സാധ്യത. ഇംഗ്ലണ്ടാവട്ടെ അഫ്ഗാന്റെ വെല്ലുവിളികളെ മറികടന്നവരാണ്. ബാറ്റിംഗിലും ബൗളിംഗിലും പുലര്‍ത്തുന്ന ഇന്ത്യന്‍ ആധികാരികത ഇംഗ്ലീഷ് കൗമാരത്തിന് തലവേദനയാവും. കോവിഡില്‍ തളര്‍ന്നിട്ടും ചാമ്പ്യന്‍ഷിപ്പില്‍ ഐതിഹാസിക വിജയ കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഒരു കളി പോലും തോറ്റില്ല. ഗ്രൂപ്പിലെ വിജയങ്ങള്‍ക്ക്് ശേഷം നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയും സെമിയില്‍ ഓസ്‌ട്രേലിയയെും ആധികാരികമായി പരാജയപ്പെടുത്തി. ബാറ്റര്‍മാരില്‍ ദൂലും വൈസ് ക്യാപ്റ്റന്‍ ഷെയിക് റഷിദുമാണ് ടീമിന്റെ നട്ടെല്ല്. കൗമാരത്തിലും പക്വമതികളായ രണ്ട് പേര്‍. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ പ്രതിസന്ധി സാഹചര്യത്തിലും 204 റണ്‍സിന്റെ വലിയ സഖ്യം പടുത്തുയര്‍ത്തിയവര്‍. വേഗതയെ ആയുധമാക്കാതെ, പക്വതയെ ആയുധമാക്കിയാണ് ദൂലിന്റെ പ്രകടനം. എന്നിട്ടും സെഞ്ച്വറി പ്രകടനം നടത്താനായി. റഷീദ് 94 വരെയെത്തി. അങ്കരിഷ് രഘുവംശി, ഹാര്‍നൂര്‍ സിംഗ് എന്നിവരാണ് ടീമിന്റെ ഓപ്പണര്‍മാര്‍. സെമിയില്‍ ഒഴികെ ടീമിന് നല്ല തുടക്കം നല്‍കിയവര്‍. ബൗളിംഗിലും ടീം സന്തുലിതം. പേസ് അറ്റാക്കിംഗില്‍ രാജ്യവര്‍ധന്‍ ഹംഗാര്‍കര്‍, രവി കുമാര്‍ എന്നിവര്‍. ഇവര്‍ക്കൊപ്പം സ്പിന്‍ ആയുധങ്ങളായി വിക്കി ഒസ്‌വാളും രാജ് ബാവയും രഘുവംശീയുമെല്ലാം.

ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത് ടോം പ്രെസ്റ്റാണ്. തോമസ് അസ്പിന്‍വാല്‍, ജോര്‍ജ് ബെല്‍, ജേക്കബ് ബാതല്‍ എന്നിവരാണ് ബാറ്റിംഗ് വിലസക്കാര്‍. ബൗളിംഗില്‍ സ്പിന്നര്‍ രേഹാന്‍ അഹമ്മദാണ് ഇന്ത്യക്ക് ഭീഷണി. അഫ്ഗാനെതിരായ സെമിയില്‍ മൂന്ന് വിക്കറ്റുകളുമായി രേഹാന്‍ കരുത്തനായിരുന്നു. ഇന്ത്യക്കിത് തുടര്‍ച്ചയായ നാലാം ഫൈനലാണ്. 24 വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലീഷുകാര്‍ കലാശത്തിന് വരുന്നത്.

Test User: