മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് രാജ് കമല്‍ ഝായുടെ മാധ്യമ പ്രവര്‍ത്തന ‘ക്ലാസ്’. രാജ്യത്തെ മികച്ച പത്രപവര്‍ത്തര്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയെങ്കയുടെ പേരിലുള്ള പുരസ്‌കാര ദാനച്ചടങ്ങിലാണ് മോദിയുടെ പ്രസംഗശേഷം അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് രാജ് കമല്‍ ഝായുടെ പ്രഭാഷണം.
സര്‍ക്കാറില്‍ നിന്നുള്ള വിമര്‍ശം ഒരു മാധ്യമ പ്രവര്‍ത്തകന്റെ അംഗീകാര മുദ്രയാണെന്ന് ഝാ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമമണവുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന വിവരങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു എന്ന കുറ്റം ചുമത്തി എന്‍.ഡി.ടി.വി ഇന്ത്യയ്ക്ക് നവംബര്‍ ഒമ്പതിന്, ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു ഝായുടെ സംസാരം.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഇന്ത്യന്‍ എക്‌സ്പ്രസ് എടുത്ത നിലപാടിനെ ഓര്‍മ്മിപ്പിച്ച് മാധ്യമ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന മോദിയുടെ ഉപേദശങ്ങള്‍ക്കായിരുന്നു രാജ് കമല്‍ ഝായുടെ മറുപടി. രാംനാഥ് ഗോയെങ്കയുടേത് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ധീരമായ നിലപാടായിരുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിന് ശേഷം നന്ദിപ്രസംഗത്തിലായിരുന്നു മോദിയെ പോലും സ്തംബ്ധനാക്കിയ പ്രസംഗം.
പ്രസംഗത്തിന്റെ സംഗ്രഹം:
”സര്‍, നിങ്ങളുടെ സംസാരത്തിനു നന്ദി. നിങ്ങള്‍ ഇവിടെ ശക്തമായൊരു സന്ദേശമാണ് നല്‍കിയിട്ടുള്ളത്. നല്ല മാധ്യമ പ്രവര്‍ത്തനം എന്ന് നിര്‍വ്വചിക്കപ്പെടുന്നത് ഒരു റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും ഒരു എഡിറ്റര്‍ എഡിറ്റ് ചെയ്യുന്നതിനെയുമാണ്. അല്ലാതെ സെല്‍ഫി ജേര്‍ണലിസത്തിലൂടെയല്ല. ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം നമ്മളിന്നു കാണുന്നതു പോലെ പലര്‍ക്കും സെല്‍ഫി ജേര്‍ണലാണ്. ചിന്തിക്കുന്ന കാര്യത്തില്‍ ഉന്മാദികളാണ് അവര്‍. അവര്‍ അവര്‍ക്കു നേരെ ക്യാമറ തിരിച്ചുവെക്കുന്നു. അവരുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. അവരുടെ മുഖം മാത്രമാണ് കാണുന്നത്. മറ്റെല്ലാം നിസ്സാരമായ പശ്ചാത്തല ശബ്ദങ്ങള്‍ മാത്രം.
സെല്‍ഫി ജേര്‍ണലിസത്തില്‍ വസ്തുതകളില്ലെങ്കിലും അതൊരു പ്രശ്‌നമല്ല. ഫ്രെയിമില്‍ ഒരു പതാകയിട്ട് നിങ്ങള്‍ക്കതിനു പിന്നില്‍ ഒളിഞ്ഞിരിക്കാനാകും. വിശ്വാസ്യതയുടെ പ്രാധാന്യം അടിവരയിട്ട് നിങ്ങള്‍ നടത്തിയ പ്രസംഗത്തിന് നന്ദി. നിങ്ങളുടെ പ്രസംഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണെന്ന് ഞാന്‍ ചിന്തിക്കുന്നു.
മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് അങ്ങ് പറഞ്ഞ വാക്കുകള്‍ ഞങ്ങളെ വികാരം കൊള്ളിക്കുന്നു. വിക്കിപീഡിയയില്‍ ഒരുപേക്ഷ, അങ്ങ് കണ്ടിട്ടുണ്ടാകില്ല, രാംനാഥ് ഗോയെങ്ക, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പത്രാധിപരായിരുന്ന അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കിയ കാര്യം. താങ്കളുടെ ജേര്‍ണലിസ്റ്റ് നന്നായി ജോലി ചെയ്യുന്നു എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞതായിരുന്നു അതിന് കാരണം. അത് ഇക്കാലത്ത് വളരെ വളരെ പ്രധാനമാണ്.
റീട്വീറ്റുകളും ലൈക്കുകളും കണ്ട് വളരുന്ന ഒരു പുതിയ തലമുറ മാധ്യമപ്രവര്‍ത്തകരാണ് നമുക്കുള്ളത്്. അവര്‍ക്ക് അറിയില്ല സര്‍ക്കാരില്‍നിന്നുള്ള വിമര്‍ശനമാണ് മാധ്യമ പ്രവര്‍ത്തനത്തിലെ അംഗീകാരത്തിന്റെ ഏറ്റവും വലിയ കീര്‍ത്തി മുദ്രയെന്ന്. നല്ല മാധ്യമ പ്രവര്‍ത്തനം മരിക്കുന്നില്ല. ദുഷിച്ച മാധ്യമപ്രവര്‍ത്തനം വലിയ ഒച്ചയുണ്ടാക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാളേറെ അലോസരപ്പെടുത്തുന്ന ബഹളമാണ് ഇപ്പോള്‍”
നേരത്തെ, മോദിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പുരസ്‌കാര വിതരണ ചടങ്ങില്‍നിന്ന് ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ അക്ഷയ് മുകുള്‍ പിന്‍വാങ്ങിയിരുന്നു.
മോദിക്കൊപ്പം ഒരു ഫ്രെയിമില്‍ വരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു അക്ഷയ് മുകുളിന്റെ പിന്മാറ്റം. പുരസ്‌കാരത്തെ അവമതിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ മറുപടി.