സഊദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹിമിന്റെ മോചനത്തിന് നടപടികള്‍ വേഗത്തിലാക്കി ഇന്ത്യന്‍ എംബസി. പെരുന്നാള്‍ അവധി കഴിഞ്ഞാല്‍ ഉടന്‍ കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്‍ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാദിഭാഗം അഭിഭാഷകനുമായി എംബസി ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം നേരിട്ട് കണ്ട് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. അബ്ദുറഹീമിന്റെ പരിചരണത്തിലിരിക്കെ മരിച്ച സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട തുക സമാഹരിച്ചതായി എംബസി രേഖാമൂലം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
പെരുന്നാളവധി കഴിഞ്ഞ് സൗദിയിലെ കോടതി തുറക്കുമ്പോള്‍ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 15 മില്യണ്‍ റിയാല്‍ അഥവാ 34 കോടി രൂപ സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച ബാലന്റെ കുടുംബം കോടതിയെ അറിയിക്കും.
അപ്പീലിനുള്ള സമയം അനുവദിച്ച ശേഷം കോടതി ഇക്കാര്യം മേല്‍ക്കോടതിയെ അറിയിക്കും. മേല്‍ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം എംബസി വഴി തുക കൈമാറും. തുടര്‍ന്ന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കുകയും മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ക്ക് 2 മാസത്തിലേറെ സമയമെടുക്കും എന്നാണ് സൂചന.