X

ഇന്ത്യ-പാക്കിസ്താന്‍ മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്താന്‍ മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും. ഒക്ടോബര്‍ 15 ന് അഹമ്മദാബാദില്‍ നിശ്ചയിച്ചിരുന്നതാണ് ഈ മല്‍സരം. എന്നാല്‍ അന്ന് നവരാത്രിയായതിനാല്‍ ആവശ്യമായ സുരക്ഷ ഉറപ്പ് നല്‍കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മല്‍സരം ഒരു ദിവസം മാറ്റി 14 ലേക്ക് നിശ്ചയിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും ധാരണയിലെത്തിയത്. പാക്കിസ്താന്റെ സമ്മതവും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. മല്‍സര തിയ്യതി മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.സി.ബി അറിയിച്ചതോടെ ഐ.സി.സി ഔദ്യോഗികമായി ഇക്കാര്യം ഉടന്‍ അറിയിക്കും.

ഹൈദരാബാദില്‍ ഒക്ടോബര്‍ 12 ന് നിശ്ചയിച്ച പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം ഒക്ടോബര്‍ പത്തിലേക്കും മാറ്റും. തുടര്‍ച്ചയായ മല്‍സരങ്ങള്‍ ഒഴിവാക്കാനാണിത്. 12 ന് ഹൈദരാബാദില്‍ കളിച്ചാല്‍ 13 ന് പാക്കിസ്താന്‍ ടീമിന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്യേണ്ടി വരും. 14 ന് കളിയും വരുമ്പോള്‍ അത് താരങ്ങളെ ബാധിക്കും. നവരാത്രിയാണ് ഇന്ത്യ-പാക്കിസ്താന്‍ മല്‍സര ദിവസം മാറ്റാനുള്ള കാരണമെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയ് ഷാ ഇത് സമ്മതിക്കുന്നില്ല. സുരക്ഷയല്ല പ്രധാനം. പല ക്രിക്കറ്റ് ബോര്‍ഡുകളും മല്‍സരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് മല്‍സര ക്രമത്തില്‍ മാറ്റം വരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മറ്റ് ഏത് ക്രിക്കറ്റ് ബോര്‍ഡുകളാണ് മല്‍സര ക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. പാക്കിസ്താന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റം വരുന്നത്. പാക്കിസ്താനെതിരെ കളിക്കുന്നതിനാല്‍ ശ്രീലങ്കയുടെ ഒരു മല്‍സരത്തിലും മാറ്റം വരുന്നു. മറ്റ് മാറ്റങ്ങളെക്കുറിച്ച് ഒരു സൂചനയും ജയ് ഷാ നല്‍കിയിട്ടുമില്ല. അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യുസിലന്‍ഡും തമ്മിലുള്ള മല്‍സരത്തോടെ ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.

 

 

webdesk11: