മാനന്തവാടി: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25),കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയല്‍ കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികള്‍ക്കായി മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍. ചൊവ്വാഴ്ച രാവിലെ കല്‍പറ്റ ഭാഗത്തുനിന്നാണ് അഭിരാമിനെയും അര്‍ഷിദിനെയും പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ ഇവര്‍ തിരികെ മടങ്ങുമ്പോഴാണ് പിടിയിലായത്. ഇരുവരെയും മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനെയാണ് ഇവര്‍ അപകടപ്പെടുത്തിയത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയോരത്ത് കാര്‍ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ടതിനാണ് കാറില്‍ അരകിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ഒടുവില്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.