X

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാര്‍ കസ്റ്റഡിയില്‍

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ ഓടിച്ചിരുന്ന കാര്‍ കസ്റ്റഡിയില്‍. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികള്‍ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാര്‍ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹര്‍ഷിദ് എന്നയാളാണ്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മാനന്തവാടി പുല്‍പള്ളി റോഡില്‍ സംഭവം നടന്നത്. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപ്പെട്ടതാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് മാതനെ, മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ കാറിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

 

webdesk17: