തൊട്ടില്‍പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താന്‍കണ്ടി ജുനൈദ് (26) ആണ് വടകരയില്‍ നിന്ന് പിടിയിലായത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവിത പൊലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകല്‍, മാനഹാനി വരുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.