വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ പോയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാൻ തീരുമാനം. ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുന്നതെന്ന് എസ്പി വിഷ്ണു പ്രതീപ് ടി കെ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തേണ്ടവരാണെന്നും എസ്പി വിഷ്ണു പ്രതീപ് വ്യക്തമാക്കി.
നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങി വരുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. പൊലീസ് സഹായിക്കാതെ വന്നതോടെ പരിക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.