X

കുകി യുവതികളെ നഗ്‌നരായി നടത്തി ബലാത്സംഗം ചെയ്ത സംഭവം; വീഴ്ചകള്‍ വരുത്തിയത് നോങ്‌പോക് സെക്മായി പൊലീസ് സ്‌റ്റേഷന്‍

മണിപ്പൂരില്‍ കുകി യുവതികളെ നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയത് നോങ്‌പോക് സെക്മായി പൊലീസ് സ്‌റ്റേഷന്‍. മെയ് 18ന് കാങ്‌പോക്പി സൈകുല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എകഞല്‍, നോങ്‌പോക് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 21 ന് വൈകുന്നേരമാണ്.

മെയ് 18ന് തൗബാല്‍ ജില്ലയിലെ നോങ്‌പോക് സെക്മായി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ ദിവസം തന്നെ കാങ്‌പോക്പി സൈകുല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയെത്തി. ഇവിടെ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്‌ഐആര്‍ അന്നു തന്നെ നോങ് പോങ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സ്‌റ്റേഷനില്‍ ഇത് രജിസ്റ്റര്‍ ചെയ്തത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്.

മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ ഗ്രാമം ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി എന്ന് കാട്ടി ബിപൈന്യം ഗ്രാമത്തലവന്‍ താങ്‌ബോയ് വാഫെയ് ആണ് ആദ്യമായി കാങ്‌പോക്പി സൈകുല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. മാരകായുധങ്ങളുമായി ഗ്രാമത്തിലെത്തിയ സംഘം വീടുകള്‍ക്ക് തീയിടുകയും കന്നുകാലികളെ ചുട്ടുകൊല്ലുകയും ചെയ്തുവെന്നും ശേഷം സ്ത്രീകളെ നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പൊലീസില്‍ നിന്നും പിടിച്ചു വാങ്ങിയാണ് അക്രമിസംഘം സ്ത്രീകളെ ഉപദ്രവിച്ചത്. മൂന്ന് സ്ത്രീകളില്‍ ഒരാളെ ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട പരാതിയായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ നോങ്‌പോക് സെക്മായി പൊലീസ് സ്‌റ്റേഷന്‍ വിമുഖത കാട്ടി.ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടതോടെയാണ് അതിക്രമത്തിന്റെ വീഡിയോ പുറത്തെത്തുന്നതും സംഭവം അന്താരാഷ്ട്ര തലത്തിലടക്കം ചര്‍ച്ചയാകുന്നതും. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പടെ 6 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

 

 

webdesk13: