കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പൊലീസ്.
നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജാസിന്റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. അജാസിന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.
അറസ്റ്റിലായ അനിഷയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ആദ്യ വിവാഹത്തില്‍ അനിശക്കും ഒരു കുട്ടിയുണ്ട്. അടുത്തിടെ അനിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു കുട്ടി കൂടിയായാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ മുസ്‌കാന്‍ തടസമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനിഷ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദുര്‍മന്ത്രവാദത്തിലേക്ക് എത്തിപ്പെടുന്ന വിവരങ്ങലാണ് പൊലീസിനു ലഭിച്ചത്.
രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അജാസ് ഖാന്‍ കുട്ടിയുമായി അയല്‍വാസികളെ സമീപിക്കുകയായിരുന്നു. പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.